എച്ച്എംപിവി: കേരളത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ കണ്ടെത്തിയത് 11 കേസുകള്‍; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി
എച്ച്എംപിവി സംബന്ധിച്ച് കേരളത്തില്‍ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും നിലവില്‍ ഇല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇന്ത്യയില്‍ ആദ്യമായി എച്ച്എംപിവി റിപ്പോര്‍ട്ട് ചെയ്തു എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണ്. കേരളം ഉള്‍പ്പെടെ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും നേരത്തെ തന്നെ കണ്ടെത്തിയ വൈറസ് ആണിതെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
2001ലാണ് ലോകത്ത് ആദ്യമായി ഈ വൈറസ് കണ്ടെത്തുന്നത്. അതിനും 50 വര്‍ഷം മുമ്പ് തന്നെ ഈ വൈറസും അത് മൂലമുള്ള ജലദോഷവും പനിയുമെല്ലാമുണ്ട് എന്നാണ് ശാസ്ത്രലോകം പറയുന്നത്. കേരളത്തില്‍ പരിശോധനാ സംവിധാനങ്ങളുണ്ട്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി 2023-24 വര്‍ഷം പ്രവര്‍ത്തനം ആരംഭിച്ചശേഷം സാമ്പിളുകള്‍ പരിശോധിച്ചതില്‍ 11 കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്.
നിലവില്‍ എച്ച്എംപിവിയുമായി ബന്ധപ്പെട്ട് ജലദോഷം അടക്കമുള്ള ലക്ഷണങ്ങളാണുള്ളത്. ഇതിന് വാക്സിനല്ല, സപ്പോര്‍ട്ടീവ് ചികിത്സയാണ് നല്‍കുന്നത്. രോഗലക്ഷണം എന്താണോ അതിനാണ് ചികിത്സ നല്‍കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.