എച്ച്എംപിവി വൈറസ് ഇന്ത്യയിലും; വൈറസ് ബാധ കണ്ടെത്തിയത് ബംഗളൂരുവില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞിന്
രാജ്യത്തെ ആദ്യ എച്ച് എം പി വി കേസ് ബെംഗളുരുവിൽ സ്ഥിരീകരിച്ചു. എട്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗബാധ സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കുട്ടി. സ്വകാര്യ ലാബിലെ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. കുട്ടിക്ക് യാത്രാ പശ്ചാത്തലമില്ല എന്നാണ് പറയുന്നത്. ഇതിനാൽ കൂടുതൽ പരിശോധനകളിലേക്ക് കടക്കാനാണ് തീരുമാനം. കുഞ്ഞിന് എച്ച്എംപിവിയുടെ ഏത് വകഭേദമാണ് ബാധിച്ചിരിക്കുന്നതെന്ന് വ്യക്തമായിട്ടില്ല. സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദ്ദേശം ആവർത്തിച്ച് കൊണ്ട്, കേന്ദ്ര ആരോഗ്യ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു.
കുഞ്ഞിന് എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്നത് പരിശോധിക്കുന്നതായി കർണാടക അറിയിച്ചു. കുഞ്ഞിന് കടുത്ത പനി അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എച്ച്എംപിവി ജാഗ്രതാ നിർദ്ദേശം നിലനിൽക്കുന്നത് കൊണ്ട് നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. കുഞ്ഞിൻ്റെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.