സെര്‍വിക്കല്‍ കാന്‍സറിന് വാക്സിന് വികസിപ്പിച്ച് ഇന്ത്യ; 200-400 രൂപ നിരക്കില്‍ ഉടന്‍ വിപണിയില്‍
സെര്‍വിക്കല്‍ കാന്‍സറിനെ പ്രതിരോധിക്കാനുള്ള വാക്സിന് ഇന്ത്യ വികസിപ്പിച്ചെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വാക്സിന് ഏതാനും മാസങ്ങള്‍ക്കകം വിപണിയില്‍ ലഭ്യമാകും. സിറം ഇന്‍സ്റ്റിറ്റ്യൂട്ടും ബയോടെക്നോളജി വകുപ്പും ചേര്‍ന്നാണ് വാക്സിന് നിര്‍മ്മിച്ചത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ക്വാഡ്രിലന്‍ഡ് ഹ്യൂമന്‍ പാപ്പിലോമ വൈറസ് ( ക്യുഎച്ച്പി) വാക്സിന് ഏതാനും മാസങ്ങള്‍ക്കകം വിപണിയില്‍ ലഭ്യമാകും.
സാധാരണക്കാര്‍ക്ക് കൂടി പ്രാപ്യമാകുന്ന തരത്തില്‍ 200-400 രൂപ നിരക്കിനുള്ളില്‍ വാക്സിന് ലഭ്യമാക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനെവാല പറഞ്ഞു. വാക്സിന്റെ ശാസ്ത്രീയ ഗവേഷണങ്ങള്‍ പൂര്‍ത്തിയായെന്നും സാധാരണ ജനങ്ങള്‍ക്ക് വാക്സിന്റെ ഗുണഫലം ലഭിക്കുക ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് മന്ത്രി ജിതേന്ദ്ര സിങ് വ്യക്തമാക്കി. കോവിഡ് മഹാമാരി ഉയര്‍ത്തിയ ആശങ്കയാണ് രോഗപ്രതിരോധ വാക്സിന് എന്ന ആശയത്തിന് ബലമേകിയത്. ഇതിന്റെ ഫലമാണ് സെര്‍വിക്കല്‍ കാന്‍സര്‍ പ്രതിരോധ വാക്സിന് നിര്‍മ്മിക്കുന്നതിലേക്ക് എത്തിച്ചത്. കേന്ദ്ര ബയോടെക്നോളജി വകുപ്പ് ഇതിന് ചുക്കാന്‍ പിടിച്ചെന്നും ജിതേന്ദ്ര സിങ് അറിയിച്ചു.
ആദ്യഘട്ടത്തില്‍ 200 ദശലക്ഷം ഡോസ് വാക്സിനാണ് നിര്‍മ്മിക്കുകയെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പൂനാവാലെ പറഞ്ഞു. ഇന്ത്യയിലാകും വിതരണം ചെയ്യുക. രാജ്യത്തിന്റെ ആവശ്യം നിറവേറ്റിയശേഷം മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നത് പരിഗണിക്കുമെന്നും പൂനാവാലെ പറഞ്ഞു.
90 ശതമാനം ഫലപ്രാപ്തി അവകാശപ്പെടുന്ന വാക്സിന് ഒമ്പതുമുതല്‍ പതിന്നാലുവരെ വയസ്സുള്ള പെണ്‍കുട്ടികളിലാണ് കുത്തിവെക്കുക. ആദ്യഡോസ് ഒമ്പതാംവയസ്സിലും അടുത്ത ഡോസ് 6-12 മാസത്തിനിടയിലുമാണ് കുത്തിവെക്കേണ്ടത്. പതിനഞ്ചുവയസ്സിനു മുകളിലുള്ളവരാണെങ്കില്‍ മൂന്ന് ഡോസ് വാക്സിന് സ്വീകരിക്കണം. ക്യൂഎച്ച്പിവിയില്‍ വൈറസിന്റെ ഡിഎന്‍എയോ ജീവനുള്ള ഘടകങ്ങളോ ഇല്ലാത്തതിനാല്‍ പാര്‍ശ്വഫലങ്ങളുമുണ്ടാകില്ലെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വൃത്തങ്ങള്‍ അറിയിച്ചു.
ആരോഗ്യമുള്ള സമൂഹമാണ് ഒരു നാടിന്റെ വളര്‍ച്ചയ്ക്ക് എന്നും അഭികാമ്യം. ഒരു അവയവത്തില്‍ നിന്ന് മറ്റൊന്നിലേക്ക് അതിവേഗം പടരുന്ന രോഗമായ കാന്‍സര്‍ ഇന്നും നമ്മുടെ സമൂഹത്തില്‍ പടര്‍ന്നു പിടിക്കുകയാണ്. പൂര്‍ണ്ണമായി ആ രോഗത്തില്‍ നിന്ന് ശമനമുണ്ടാകുന്ന ഒരു സ്ഥിതിയിലേക്ക് നാം കടന്നിട്ടില്ല. നമ്മുടെ കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും ക്യാന്‍സര്‍ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ടാകുമെന്നത് മറ്റൊരു വസ്തുതയാണ്. ഇതില്‍ സ്ത്രീകളില്‍ കണ്ടു വരുന്ന ഗര്‍ഭാശയ മുഖ കാന്‍സര്‍ അഥവാ സെര്‍വിക്കല്‍ കാന്‍സര്‍ ബാധിക്കുന്നവരുടെ എണ്ണം ഇപ്പോള്‍ ക്രമാതീതമായി വര്‍ധിച്ചു വരികയാണ്. സ്തനാര്‍ബുദം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സ്ത്രീകളെ ബാധിക്കുന്ന കാന്‍സറാണ് സെര്‍വിക്കല്‍ കാന്‍സര്‍. ലോകത്തിലെ സെര്‍വിക്കല്‍ കാന്‍സര്‍ രോഗികള്‍ ഏറ്റവും കൂടുതലുള്ളത് ഇന്ത്യയിലാണെന്നുള്ളതും മറച്ചുവെക്കാന്‍ കഴിയാത്ത വസ്തുതയാണ്. ഓരോ എട്ട് മിനിറ്റും രാജ്യത്ത് സെര്‍വിക്കല്‍ കാന്‍സര്‍ മൂലം ഒരു സ്ത്രീ മരിക്കുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ 100 ശതമാനവും പ്രതിരോധിക്കാന്‍ സാധിക്കുന്ന ഒരു കാന്സറാണിതെന്നത് പലര്‍ക്കും അറിയില്ല.
Content Highlights – India develops vaccine for cervical cancer