ചൈനയിൽ വവ്വാലുകളിൽ പുതിയ കൊറോണ വൈറസ് കണ്ടെത്തി; മനുഷ്യരെ ബാധിക്കുമെന്ന് പഠനം

ചൈനയിൽ വീണ്ടും പുതിയ കൊറോണ വൈറസ് കണ്ടെത്തി. കൊവിഡ് 19ന് കാരണമായ SARS CoV 2വിന്റെ അത്രയും തന്നെ ജനങ്ങളിൽ ഇൻഫെക്ഷൻ വരുത്താൻ ശേഷിയുണ്ടെന്ന് കരുതുന്ന HKU5 CoV 2 വൈറസിനെയാണ് ഇപ്പോൾ കണ്ടെത്തിയത്.
സെൽ സയന്റിഫിക് ജേർണൽ എന്ന ജേർണലിലാണ് ഇതിനെ സംബന്ധിച്ചുള്ള പഠനം വന്നിട്ടുള്ളത്. ബാറ്റ് വുമൺ എന്നറിയപ്പെടുന്ന ചൈനീസ് വൈറോളജിസ്റ്റ് ഷി സെൻഗ്ലിയാണ് പഠനം പുതിയ വൈറസിനെ കണ്ടുപിടിച്ചത്. ചൈനയിലെ വവ്വാലുകളിൽ കണ്ടുവരുന്ന ഈ വൈറസ് മനുഷ്യരെ എങ്ങനെ ബാധിക്കുമെന്നതിൽ കൂടുതൽ പഠനം ആവശ്യമാണെന്നും പേപ്പറിൽ പറയുന്നു. ലോകത്ത് കോറോണവൈറസുകൾ നിരവധി ഉണ്ടെങ്കിലും എല്ലാറ്റിനും മനുഷ്യരിൽ ഇൻഫെക്ഷൻ ഉണ്ടാക്കാൻ കഴിയില്ല. ഇതാണ് വൈറോളജിസ്റ്റുകളിൽ പ്രതീക്ഷ ജനിപ്പിക്കുന്നത്.
വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെയും വുഹാൻ യുണിവേഴ്സിറ്റിയിലെയും, ഗ്വാങ്ഷോ യൂണിവേഴ്സിറ്റിയിലെയും ശാസ്ത്രജ്ഞരാണ് ഈ പഠനം നടത്തിയത്. ‘ബാറ്റ് വുമൺ’ എന്ന് അറിയപ്പെടുന്ന ഷി സെൻഗ്ലിയുടെ നേതൃത്വത്തിലായിരുന്നു പഠനം.
പുതുതായി കണ്ടെത്തിയിരിക്കുന്ന വൈറസ് സാർസ് വൈറസിനെപ്പോലെ അപകടകാരിയല്ല എന്നും ചില ശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെടുന്നുണ്ട്. ജനങ്ങളിൽ ഇപ്പോഴുള്ള പ്രതിരോധ ശേഷി ഈ വൈറസിനെ പ്രതിരോധിക്കുമെന്നും അതിനാൽ ആശങ്ക വേണ്ടെന്നുമാണ് അറിയുന്നത്.