ആര് ടി ഒയ്ക്കും മകനും ഭക്ഷ്യവിഷബാധ, ഹോട്ടല്‍ പൂട്ടിച്ചു
ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ആര് ടി ഒയ്ക്കും മകനും ഭക്ഷ്യവിഷബാധ. തൃക്കാക്കരയിലുളള ആര്യാസ് ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് ഭക്ഷ്യവിഷബാധ.
സംഭവത്തില്‍ അനന്തകൃഷ്ണൻ നല്കിയ പരാതിയില്‍ ആര്യാസ് കൊച്ചി നഗരാസഭയിലെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ അടപ്പിച്ചു. ഭക്ഷ്യവിഷബാധയേറ്റ അനന്ദകൃഷ്ണൻ ആശുപത്രിയില്‍ ചികിത്സയിലാണ്.
തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെയാണ് അനന്തകൃഷ്ണനും മകനും ഹോട്ടലില്‍ നിന്ന് നെയ്റോസ്റ്റും വടയും കാപ്പിയും കഴിച്ചത്. പത്തുമണിയോടെ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു. വൈകുന്നേരം ദേഹാസ്വാസ്ഥ്യവും പനിയും കൂടിയതിനെ തുടര്‍ന്ന് ഡോക്ടറെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. ഇതിനുശേഷം അനന്തകൃഷ്ണനും മകനും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.
തേങ്ങാ ചട്നിയില്‍ നിന്നാണ് ഭക്ഷ്യവിഷബാധയുണ്ടായതെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. കഴിക്കുന്ന സമയത്ത് രുചിവ്യത്യാസമൊന്നും തോന്നിയിരുന്നില്ല. ഭക്ഷണം കഴിച്ച മകനും അസ്വസ്ഥതയുണ്ടായി. മകൻ ചട്നി കുറച്ചുമാത്രമേ കഴിച്ചിരുന്നുള്ളൂ. അതിനാല്‍ വലിയ പ്രശ്നങ്ങളുണ്ടായില്ലെന്നും അനന്തകൃഷ്ണൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.