ജിജിത്തിന്റെ ജീവനിൽ ആറ് പേർക്ക് പുതിയ ജീവിതം
ഇന്നലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ മസ്തിഷ്ക മരണം സ്ഥിരീകരിച്ച പുതുക്കാട് നന്ദി പുരം ചുള്ളിപറമ്പില്‍ ജിജിത്തിന്റെ അവയവങ്ങള്‍ ആറ് പേര്‍ക്ക് പുതുജീവനേകി.
ആലുവ രാജഗിരി ആശുപത്രിയില്‍ ആയിരുന്നു ശസ്ത്രക്രിയ. പാന്‍ക്രിയാസ്, കരള്‍, വൃക്കകള്‍, കണ്ണുകള്‍ എന്നിവ ദാനം ചെയ്തു.
പൊതുരംഗത്ത് സജീവമായിരുന്ന ജിജിന്റെ അവയവങ്ങള്‍ ദാനം ചെയ്യാമെന്നറിയിച്ച് കുടുംബാംഗങ്ങളാണ് മുന്നോട്ട് വന്നത്. നാട്ടില്‍ വലിയൊരു സുഹൃദ് വലയമുണ്ടായിരുന്ന ജിജിത്തിന്റെ അവയവങ്ങള്‍ മറ്റുള്ളവരിലൂടെ ജീവിക്കണമെന്ന ആഗ്രഹമായിരുന്നു കാരണം.
കഴിഞ്ഞ 14 ന് പുതുക്കാടിനടുത്തു വച്ച് നടന്ന വാഹനാപകടത്തില്‍ ജിജിത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് വിദഗ്ദ ചികിത്സ ലഭ്യമാക്കിയെങ്കിലും ഇന്നലെ രാത്രിയോടെ മരണം സ്ഥിരീകരിച്ചു. തുടർന്നാണ് അവയവദാനവുമായി ബന്ധുക്കൾ മുന്നോട്ടുവന്നത്.
ആലുവ രാജഗിരി ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയില്‍ പാന്‍ക്രിയാസ്, കരള്‍, വൃക്കകള്‍, കണ്ണുകള്‍ എന്നിവ സജ്ജീവനിയിലൂടെ ആവശ്യക്കാര്‍ക്ക് കൈമാറി. രാവിലെ അവയവ മാറ്റ ശസ്ത്രക്രിയ വിദഗ്ദന് ഡോ. രാമചന്ദ്രന്റ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയയിലൂടെ അവയവങ്ങള്‍ മറ്റാശുപത്രികളിലെ ആവശ്യക്കാര്‍ക്ക് കൈമാറിയത്. മോണ്ടിസോറിയിലെ അധ്യാപികയായ വിദ്യയാണ് ഭാര്യ. മക്കള്‍ യാഷ് , ഇഷാന്.
ജിജിത്തിന്റെ വൃക്കകളിലൊന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും പാന്‍ക്രിയാസും മറ്റൊരു വൃക്കയും അമൃതയിലേക്കും കണ്ണുകള്‍ അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലേക്കും കരള്‍ രാജഗിരിയിലെ തന്നെ രോഗിക്കുമാണ് നൽകിയത്.
Content Highlights: Social Worker Jijith Death Organ transplantation