കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്റെ ഭാര്യക്ക് നല്കിയ നിയമന ഉത്തരവ് റദ്ദാക്കി കര്‍ണാടക സര്‍ക്കാര്‍
കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനുള്ള ഉത്തരവ് റദ്ദാക്കി കര്‍ണാടകയിലെ പുതിയ കോണ്‍ഗ്രസ് സര്‍ക്കാര്‍. കൊല്ലപ്പെട്ട ബിജെപി പ്രവര്ത്തകന് പ്രവീണ്‍ കുമാര്‍ നെട്ടാരുവിന്റെ ഭാര്യ നൂതന് കുമാരിയുടെ നിയമന ഉത്തരവാണ് റദ്ദാക്കിയത്. കരാര്‍ അടിസ്ഥാനത്തില്‍ ഗ്രൂപ്പ് സി തസ്തികയിലാണ് നൂതന് കുമാരിക്ക് മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ദക്ഷിണ കന്നഡയിലെ മംഗളുരുവിലെ ഓഫിസില്‍ നിയമനം നല്‍കിയത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കൈകാര്യം ചെയുന്ന മംഗളൂരു ഡപ്യൂട്ടി കമ്മിഷണറുടെ അസിസ്റ്റന്റായിട്ടായിരുന്നു നിയമനം. 2022 ജൂലൈ 26 നാണ് നൂതന്റെ ഭര്‍ത്താവ് പ്രവീണ്‍ നെട്ടാരു കൊല്ലപ്പെടുന്നത്. കേസ് ദേശീയ അന്വേഷണ ഏജന്‍സിയാണ് അന്വേഷിക്കുന്നത്. പ്രവീണിന്റെ കുടുംബത്തിന് ബിജെപി 60 ലക്ഷം രൂപ ചെലവിട്ടു വീട് നിര്‍മിച്ചു നല്‍കിയിരുന്നു.