മുസ്ലിം വനിതാ ഡോക്ടറുടെ നിഖാബ് വലിച്ച് താഴ്ത്തി മുഖ്യമന്ത്രി; നിതീഷ് കുമാറിനെതിരെ കടുത്ത പ്രതിഷേധം ഉയരുന്നു
ഒരു സര്‍ക്കാര്‍ ചടങ്ങിനിടെ യുവതിയുടെ മുഖത്തുനിന്നും മുഖംമറയ്ക്കുന്ന വസ്ത്രം അതായത് നിഖാബ് വലിച്ച് മാറ്റാന്‍ ശ്രമിച്ച് വീണ്ടും വിവാദത്തിന് വഴി വെച്ചിരിക്കുകയാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. പട്നയില്‍ ഇന്നലെ നടന്ന ഒരു ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതിനിടെയാണ് അദ്ദേഹം ഡോക്ടറുടെ നിഖാബില്‍ പിടിച്ച് വലിച്ചുതാഴ്ത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.
10-ാം തവണയും ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഒരു മാസം പിന്നിടുമ്പോഴാണ് 74 വയസ്സുള്ള അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഇത്തരത്തില്‍ ഒരു മോശമായ പ്രവര്‍ത്തി ഉണ്ടായത്. സര്‍ക്കാര്‍ സംഘടിപ്പിച്ച ചടങ്ങില്‍ ആയുര്‍വേദ, യോഗ, പ്രകൃതി ചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി ഡോക്ടറായ യുവതിക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
ഇദ്ദേഹം ആ യുവതിക്ക് സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചതിന് പിന്നാലെ, യുവതിയോട് നിഖാബ് മാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ ആവശ്യത്തോട് യെസ് അല്ലെങ്കിൽ നോ എന്ന് പറയാൻ സമയം കിട്ടുന്നതിന് മുന്നേ നിതീഷ്കുമാർ യുവതിയുടെ മുഖത്തുനിന്നും ബലമായി നിഖാബ് പിടിച്ച് താഴേക്ക് വലിക്കുകയായിരുന്നു.
ഇതോടെ യുവതിയുടെ മുഖം ഭാഗികമായി വീഡിയോയില്‍ കാണാന്‍ സാധിക്കുന്നുണ്ട്. പശ്ചാത്തലത്തില്‍ ചിലര്‍ ചിരിക്കുന്നുമുണ്ട്. എന്നാൽ ഉപമുഖ്യമന്ത്രിയായ സമ്രാട്ട് ചൗധരി , നിതീഷ് കുമാറിനെ തടയാന്‍ ശ്രമിക്കുന്നതും ആ വീഡിയോയില്‍ വ്യക്തമാണ്.
വീഡിയോ വൈറലായതോടെ പ്രതിപക്ഷവും രൂക്ഷ പ്രതികരണവുമായി രംഗത്തെത്തി. അദ്ദേഹത്തിന്റേത് അത്യന്തം ഹീനവും ലജ്ജാവഹവുമായ പ്രവര്‍ത്തിയാണെന്ന് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവെക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
അതേസമയം ഇത് അദ്ദേഹത്തിന്റെ മാനസികാരോഗ്യത്തിന്റെ തകര്‍ച്ചയുടെ തെളിവാണോ എന്നാണ് ആര്‍ജെഡി ചോദിച്ചത്. ‘നിതീഷ് ജിക്ക് ഇതെന്താണ് പറ്റിയത് ? അദ്ദേഹത്തിന്റെ മാനസികനില ഇപ്പോള്‍ പൂര്‍ണ്ണമായും പരിതാപകരമായ അവസ്ഥയിലെത്തിയിരിക്കുന്നു. എന്നാണ് പാര്‍ട്ടി ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ എഴുതിയത്. ജെഡിയു-ബിജെപി സഖ്യത്തിന്റെ സ്ത്രീകളോടുള്ള മനോഭാവമാണ് യുവതിയുടെ നിഖാബ് വലിച്ചുമാറ്റിയതിലൂടെ നിതീഷ് കുമാര്‍ വ്യക്തമാക്കിയതെന്ന് ആര്‍ജെഡി വക്താവ് ഇജാസ് അഹമ്മദ് പറഞ്ഞു.
‘നിഖാബ് ധരിച്ചിരിക്കുന്ന ഒരു മുസ്ലീം സ്ത്രീയുടെ മുഖത്തുനിന്നും അത് മാറ്റുന്നതിലൂടെ, സ്ത്രീ ശാക്തീകരണത്തിന്റെ പേരില്‍ ജെഡിയുവും ബിജെപിയും ചേർന്ന് കൊണ്ടാടുന്ന രാഷ്ട്രീയത്തിന്റെ യാഥാര്‍ത്ഥ സ്വഭാവം പുറത്ത് വരികയാണ്. ഒരു സ്ത്രീയുടെ മുഖം മറയ്ക്കുന്നത്, ഇന്ത്യന്‍ ഭരണഘടനയും അതിന്റെ ഭരണഘടനാപരമായ സംവിധാനവും എല്ലാവര്ക്കും ഉറപ്പുനല്‍കുന്ന കാര്യമാണ്. ഒരാളുടെ സംസ്കാരത്തിനനുസരിച്ച് ജീവിക്കാനും, അവരുടെ മതസ്വാതന്ത്ര്യത്തിനുമുള്ള അവകാശം തട്ടിത്തെറിപ്പിക്കുന്ന പ്രവൃത്തിയാണ് നിതീഷ് കുമാറിന്റെ ഭാഗത്തുനിന്നും ഉണ്ടായത് എന്നും അഹമ്മദ് പറഞ്ഞു.
പുതിയതായി നിയമനം ലഭിച്ച ആയുഷ് ഡോക്ടറുടെ നിഖാബാണ് നിതീഷ്കുമാർ ബലമായി വലിച്ചുനീക്കിയത്. നിതീഷ് എന്തോ ചോദിച്ചു കൊണ്ട് യുവതിയോട് സംസാരിക്കുന്നതും പിന്നാലെ നിഖാബ് പിടിച്ചുവലിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഇതിന്റെ വീഡിയോ വൈറലാണ്.
മുഖ്യമന്ത്രിയുടെ സെക്രട്ടേറിയേറ്റായ സംവാദ് ഹാളിലാണ് സംഭവം നടന്നത്. ആയിരത്തോളം ആയുഷ് ഡോക്ടര്‍മാര്‍ക്ക് നിയമന കത്ത് വിതരണം ചെയ്യുന്ന ചടങ്ങാണ് ഇവിടെ നടന്നത്. ഇവരില്‍ 685 പേര് ആയുര്‍വേദ ഡോക്ടര്‍മാരാണ്. 393പേര് ഹോമിയോ ഡോക്ടര്‍മാരും 205 പേര് യുനാനി വൈദ്യശാസ്ത്രം പരിശീലിക്കുന്നവരുമാണ്.
ഇതില്‍ പത്ത് പേര്‍ക്കാണ് മുഖ്യമന്ത്രി നേരിട്ട് നിയമനക്കത്ത് കൈമാറിയത്.
അതിനിടയിലാണ് വിവാദമായ സംഭവം ഉണ്ടായത്. നുസ്രത്ത് പര്വീന് എന്ന ഡോക്ടര്‍ നിയമന കത്ത് വാങ്ങാനായി എത്തിയപ്പോള്‍ മുഖ്യമന്ത്രി എന്താണിതെന്ന് ചോദിച്ച ശേഷം യുവതിയുടെ നിഖാബ് താഴേക്ക് പെട്ടെന്ന് വലിക്കുകയാണ് ഉണ്ടായത്. ഒരു കുസൃതി കാണിക്കുന്ന ലാഘവത്തോടെയാണ് നിതീഷ്കുമാർ അത് ചെയ്യുന്നത്.
എന്നാൽ ബിഹാറില്‍ ഏറ്റവും ഉയര്‍ന്നപദവി അലങ്കരിക്കുന്ന വ്യക്തിയുടെ ഭാഗത്ത് നിന്നും ഉണ്ടായ നീചമായ കൃത്യം സംസ്ഥാനത്തെ വനിതകള്‍ സുരക്ഷിതരല്ലെന്ന് തെളിയിക്കുന്നു എന്നാണ് കോൺഗ്രസിന്റെ പ്രതികരണം. നിതീഷ്കുമാർ രാജി വെക്കണം എന്നതിൽ കുറഞ്ഞ് മറ്റൊന്നും പറയാനില്ലെന്നും കോൺഗ്രസ് വക്താവ് പ്രതികരിച്ചു.













