കാളയെ മെരുക്കാന്‍ 900 യുവാക്കള്‍; അവണിയാപുരം ജല്ലിക്കെട്ടിന് തുടക്കമായി
മധുരയിലെ പ്രശസ്തമായ അവണിയാപുരം ജല്ലിക്കെട്ട് ആരംഭിച്ചു. ജല്ലിക്കെട്ടില്‍ ഒന്നാമതായി തെരഞ്ഞെടുക്കപ്പെടുന്ന കാളയുടെ ഉടമയ്ക്ക് സമ്മാനമായി ട്രാക്റ്ററും, കാളയെ കീഴ്പ്പെടുത്തുന്നയാള്‍ക്ക് കാറും ഒന്നാം സമ്മാനമായി ലഭിക്കും.
ആയിരത്തിലധികം കാളകളും 900 യുവാക്കളുമാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. ജല്ലിക്കെട്ടിനോടനുബന്ധിച്ച് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഇത്തവണ പൊലീസ് ഒരുക്കിയിരിക്കുന്നത്. നാളെയും മറ്റന്നാളുമായി മധുരയിലെ പാലമേട്ടിലും അലങ്കനല്ലൂരിലും ജല്ലിക്കെട്ട് നടക്കും.
പുതുക്കോട്ട ജില്ലയിലെ തങ്കക്കുറിച്ചിയിലാണ് ഈ വര്‍ഷത്തെ ജല്ലിക്കെട്ടിന് തുടക്കമായതെങ്കിലും അവണിയാപുരത്തെ ജല്ലിക്കെട്ടാണ് ഏറെ പേര് കേട്ടത്. കൊമ്പില്‍ നാണയക്കിഴി കെട്ടി, ഓടിവരുന്ന കാളയെ അതിന്റെ മുതുകില്‍ തൂങ്ങി കീഴടക്കി ആ കിഴിക്കെട്ട് സ്വന്തമാക്കുന്ന വീര്യമാണ് ജല്ലിക്കെട്ടിന്റെ ആകര്‍ഷണം. തങ്ങളുടെ ധീരതയും, ശക്തിയും പ്രദര്‍ശിപ്പിക്കുന്ന ഈ പോരില്‍ അപകടങ്ങളും ഏറെയാണ്. പങ്കെടുക്കുന്നവര്‍ക്ക് മാത്രമല്ല, കാണികള്‍ക്ക് വരെ പരിക്കേല്‍ക്കാറുണ്ട്.