മാർഷിനെ ഒന്നും ചെയ്യാൻ ആവില്ല; ഇന്ത്യക്കാരെ നാണം കെടുത്താൻ കേസുമായി ഒരു മണ്ടൻ പണ്ഡിറ്റ്..
ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം മിച്ചല്‍ മാര്‍ഷിനെതിരെ പരാതിയുമായി ഒരു വിവരാവകാശ പ്രവര്ത്തകൻ എത്തിയിട്ടുണ്ട്. ലോകകപ്പ് ട്രോഫിയില്‍ കാല് വച്ചിരിക്കുന്ന ചിത്രം കണ്ട് രോഷാകുലനായ പണ്ഡിറ്റ് കേശവ് ദേവാണ് മാര്‍ഷിനെതിരെ ഡല്‍ഹി ഗേറ്റ് പോലീസില്‍ പരാതി നല്‍കിയത് .
പണ്ഡിറ്റ് കേശവ് ദേവ് തന്റെ പരാതിയുടെ പകര്‍പ്പ് പ്രധാനമന്ത്രിക്കും കായിക മന്ത്രിക്കും നല്‍കിയിട്ടുണ്ട് . ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം മിച്ചല്‍ മാര്‍ഷിനെ ഇനി മുതല്‍ ഇന്ത്യയില്‍ കളിക്കാൻ അനുവദിക്കരുതെന്നാണ് ഇയാളുടെ ആവശ്യം. ഈ ചിത്രം 140 കോടി ജനങ്ങളുടെ മാനം കെടുത്തിയെന്നും അതിനാലാണ് പരാതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ആദ്യം മിച്ചല്‍ മാര്‍ഷിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും രണ്ടാമതായി ഇന്ത്യക്കെതിരെ കളിക്കുന്നതില്‍ നിന്ന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തണമെന്നും പണ്ഡിറ്റ് കേശവ് ദേവ് പരാതിയില്‍ പറയുന്നു. മിച്ചല്‍ മാര്‍ഷിന്റെ ചിത്രം പുറത്തുവന്നതിന് പിന്നാലെ നിരവധി ഇന്ത്യക്കാര്‍ അദ്ദേഹത്തിനെതിരെ രംഗത്ത് വന്നിരുന്നു .ഉത്തർപ്രദേശിലും മാർഷിനെതിരെ ആരോ ഒരു കേസ് കൊടുത്തിട്ടുണ്ട്.
ക്രിക്കറ്റിനെ ഒരു ഗെയിം ആയി കാണുന്നതാണ് മാർഷിൻ്റെ സംസ്കാരം. ലോകകപ്പ് കിരീടത്തെ അയാൾ ഒരു പുണ്യവസ്തുവായി പരിഗണിക്കുന്നില്ല. ഈ കാഴ്ചപ്പാട് തന്നെയാണ് ഓസീസിന് വലിയ വിജയങ്ങൾ സമ്മാനിക്കുന്നത്. മറുവശത്തുള്ള ഇന്ത്യയുടെ അവസ്ഥ എന്താണ്? നാം ക്രിക്കറ്റ് കളിയെ ഒരു യുദ്ധമായിട്ടാണ് കണക്കാക്കുന്നത്. മാർഷ് ട്രോഫിയെ ബഹുമാനിച്ചില്ല എന്ന തോന്നൽ നമുക്ക് ഉണ്ടാവുന്നത് അതുകൊണ്ടാണ്.
ഫൈനലിൽ നിർണ്ണായക സമയത്ത് പുറത്തായ മിച്ചൽ മാർഷ് ചിരിച്ചുകൊണ്ടാണ് മൈതാനം വിട്ടത്. മാർഷ് ഇന്ത്യയുടെ വിക്കറ്റ് കീപ്പറായ രാഹുലിനെ നോക്കി കണ്ണിറുക്കുകയും ചെയ്തു. ഒരു ഇന്ത്യൻ താരം ലോകകപ്പ് ഫൈനലിൽ ഇങ്ങനെയെല്ലാം ചെയ്യുന്നത് നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. മാർഷിന് അങ്ങനെ ചെയ്യാം , കാരണം അതിന്റെ പേരിൽ അയാളുടെ വീടിന് കല്ലെറിയാനോ, അയാളെ ചെരുപ്പുമാല ഇടിക്കാനോ ആരും ഉണ്ടാവില്ല എന്ന ധൈര്യം അയാൾക്കുണ്ട്.
സ്ത്രീയെ ദൈവമായി കണക്കാക്കുന്ന സംസ്കാരമാണ് നമ്മുടേത്. നദികളെയും നാം ആദരിക്കുന്നുണ്ട് പക്ഷെ ഇവിടെ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ ദിവസവും വർദ്ധിച്ചുവരികയാണ്. നമ്മുടെ നദികൾ മാലിന്യങ്ങൾ മൂലം വീർപ്പുമുട്ടുകയാണ്. ഓസ്ട്രേലിയ സ്ത്രീകൾക്കും നദികൾക്കും ദിവ്യ പരിവേഷം നൽകുന്നില്ല. പക്ഷേ അവിടത്തെ നദികളിലൂടെ നല്ല തെളിഞ്ഞ വെള്ളം ഒഴുകുന്നുണ്ട്. സ്ത്രീകൾ അവിടെ മനഃസമാധാനത്തോടെ ജീവിക്കുന്നുണ്ട്. യാഥാർത്ഥ്യബോധം ഇല്ലാത്ത കാലത്തോളം നമ്മുടെ നാട്ടിലെ ഇത്തരം പണ്ഡിറ്റുമാർ മാർഷുമാർക്കെതിരെ ഇനിയും കേസുകൾ കൊടുക്കും.
ആകെ മൂന്ന് കോടിയിൽ താഴെ ജനസംഖ്യയാണ് ഓസ്ട്രേലിയയിൽ ഉള്ളത്. റഗ്ബി, ഫുട്ബോൾ, അത്ലെറ്റിക്സ്, സ്വിമ്മിംഗ് ഒക്കെയാണ് അവരുടെ പ്രധാന സ്പോർട്സ് ഇനങ്ങൾ. അതിന് താഴെയേ ക്രിക്കറ്റ് വരുന്നുള്ളൂ. ആ ഗെയിമിൽ അവർക്ക് ലഭിച്ച ആറാമത്തെ ലോകകിരീടത്തിനു അവർക്ക് അത്ര വിലയെ കാണൂ. കിരീടം നേടി അവർ നാട്ടിൽ എത്തിയപ്പോൾ സ്വീകരിക്കാൻ പോലും ആളുകൾ ഉണ്ടായിരുന്നില്ല.
ഇന്ത്യയെ തോൽപ്പിച്ചതോടെ മാക്സ്വെല്ലിന്റെ ഭാര്യയേയും, ട്രാവിസ് ഹെഡിന്റെ കുഞ്ഞിനേയും അടക്കം സോഷ്യൽ മീഡിയയിൽ തെറി വിളിച്ചവരാണ് നമ്മുടെ രാജ്യക്കാർ. അവരുടെ പേരിലാണ് ആദ്യം കേസ് കൊടുക്കേണ്ടത്. മിച്ചൽ മാർഷ് കാൽ കയറ്റി വെച്ചത് അയാൾക്ക് കൂടി അവകാശപ്പെട്ട കപ്പിലാണ്. അതിന് കേസ് കൊടുത്തിട്ട് അയാൾക്കോ ടീം ഓസ്ട്രേലിയക്കോ ഒന്നും സംഭവിക്കാൻ പോകുന്നില്ല. ഈ കേസിന്റെ കാര്യം മാർഷ് അറിഞ്ഞുകാണാനും വഴിയില്ല. അറിയുമ്പോൾ അവർക്ക് നല്ലൊരു തമാശ തന്നെ ആയിരിക്കും അത്. ഇന്ത്യക്കാരെ കളിയാക്കാനുള്ള മറ്റൊരു ഫലിതം കൂടെ അവർക്ക് സമ്മാനിച്ചിരിക്കുകയാണ് നമ്മുടെ കേസ് കൊടുത്ത വിവരമില്ലാത്ത പണ്ഡിറ്റ്ജി..