സംഭാൽ മസ്ജിദിന് പിന്നാലെ ഡല്‍ഹി ജുമാ മസ്ജിദിലും സര്‍വേ വേണമെന്ന് ഹിന്ദു സേന
സംഭാൽ മസ്ജിദിന് പിന്നാലെ ഡല്‍ഹി ജുമാ മസ്ജിദിലും സര്‍വേ വേണമെന്ന് ആവശ്യപ്പെടുകയാണ് ഹിന്ദു സേന. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഡയറക്ടര്‍ ജനറലിന് ഹിന്ദു സേന അധ്യക്ഷന്‍ ഒരു കത്ത് അയക്കുകയും ചെയ്തിട്ടുണ്ട്. ജോധ്പൂരിലേയും ഉദയ്പൂരിലെയും ക്ഷേത്രാവശിഷ്ടങ്ങള്‍ കൊണ്ടാണ് ഡൽഹിയിലെ ജുമാ മസ്ജിദിന്റെ പടികള്‍ നിര്‍മിച്ചത് എന്നാണ് ഹിന്ദു സേന ആരോപിക്കുന്നത്. നേരത്തെ സംഭാല്‍, അജ്മീര്‍ ഷരീഫ് ദര്‍ഖ എന്നിവിടങ്ങളിലും ഹിന്ദു സേന അവകാശം ഉന്നയിക്കുകയും സര്‍വേ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ജോധ്പൂരിലെയും, ഉദയ്പൂരിലെയും ശ്രീകൃഷ്ണ ക്ഷേത്രങ്ങള്‍ ഔറംഗസീബ് തകർത്തിരുന്നു എന്നാണ് പറയുന്നത്. ആ ക്ഷേത്രങ്ങളിൽ ഉണ്ടായിരുന്ന ശിലാ അവശിഷ്ടങ്ങളും വിഗ്രഹങ്ങളും ഡല്‍ഹിയിലേക്ക് എത്തിക്കുകയും അത് ഉപയോഗിച്ചാണ് ജുമാ മസ്ജിദിന്റെ പടികള്‍ നിര്‍മിച്ചത് എന്നുമാണ് എഎസ്ഐക്ക് അയച്ച കത്തില്‍ ആരോപിക്കുന്നത്. അതേസമയം കത്തിനെ കുറിച്ച് പുരാവസതു വകുപ്പ് ഇതുവരെ പ്രതികരണമൊന്നും അറിയിച്ചിട്ടില്ല.
വിഗ്രഹങ്ങള്‍ മസ്ജിദിന്റെ പടികള്‍ക്കുള്ളിലാണ് നിക്ഷേപിച്ചിരിക്കുന്നത് എന്നാണ് പറയുന്നത്. ശിലകള്‍ കണ്ടെത്തുകയാണെങ്കില്‍ ക്ഷേത്രങ്ങളില്‍ പുനഃസ്ഥാപിക്കണമെന്നും ഹിന്ദു സേന ആവശ്യപ്പെടുന്നു. ഇതിന്റെ യാത്ഥാർഥ്യം കണ്ടെത്തുന്നതിനായി എഎസ്ഐയുടെ നേതൃത്വത്തില്‍ സര്‍വേ നടത്തണമെന്നാണ് ഹിന്ദുസേന ഇപ്പോൾ ആവശ്യപ്പെടുന്നത്.
നിലവിൽ എഎസ്ഐയുടെ കൈവശം തന്നെയാണ് ഈ ജുമാ മസ്ജിദ് ഉള്ളത്. പഴയ കാല മുഗൾ ചക്രവർത്തിയായ ഷാജഹാൻ 1656 ൽ പണികഴിപ്പിച്ചതാണ് ഈ മസ്ജിദ്. ഇപ്പോൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പള്ളിയാണ് ഇത്. മുഗൾ വാസ്തുവിദ്യയുടെ ഉദാഹരണം കൂടിയാണ് ഈ മസ്ജിദ്. തുർക്കികൾ, ഇന്ത്യക്കാർ, അറബികൾ, പേർഷ്യക്കാർ, യൂറോപ്യന്മാർ തുടങ്ങി വിവിധ വംശജരായ 5,000-ലധികം കരകൗശല വിദഗ്ധർ 12 വർഷത്തോളം ഈ മസ്ജിദിനായി പ്രയത്നിച്ചു എന്നാണ് ചരിത്രം പറയുന്നത്. എന്നാൽ യാഥാര്‍ഥ്യം കണ്ടെത്താന്‍ അടുത്തഘട്ടമായി നിയമ നടപടികളിലേക്ക് നീങ്ങാനാണ് ഹിന്ദു സേനയുടെ തീരുമാനം.
മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ പ്രവര്‍ത്തികള്‍ ഹിന്ദുക്കളെ അപമാനിക്കാന്‍ ലക്ഷ്യം വെച്ചുള്ളതായിരുന്നു എന്ന കാര്യം, ചരിത്രപരമായ തെളിവുകളിലൂടെ മനസിലാക്കാമെന്നും കത്തില്‍ ആരോപിക്കുന്നുണ്ട്. ഇവരുടെ ആവശ്യപ്രകാരം സർവ്വേ നടത്തി, പഴയ ക്ഷേത്രങ്ങളുടെ അടയാളങ്ങള്‍ കണ്ടെത്തിയാല്‍ അവ സംരക്ഷിക്കണമെന്നും മസ്ജിദിന്റെ യഥാര്‍ത്ഥ ചരിത്രം വെളിപ്പെടുത്തുന്നതിന് ഇവ പരസ്യമാക്കണമെന്നും ഹിന്ദുസേന ദേശീയ അധ്യക്ഷൻ ആയ വിഷ്ണു ഗുപത ആവശ്യപ്പെടുന്നുണ്ട്.
നിലവില്‍ രാജ്യത്തെ നിരവധി മുസ്ലിം പള്ളികളില്‍ പുരാവസ്തു വകുപ്പിന്റെ സര്‍വേ ഹിന്ദുസേന ആവശ്യപെടുന്നുണ്ട്. സംഭാല്‍, അജ്മീര്‍, ഗ്യാന്‍വ്യാപി തുടങ്ങി നിരവധി മസ്ജിദുകള്‍ അതിന് ഉദാഹരണമാണ്. ഈ സാഹചര്യത്തിലാണ് ദല്‍ഹി ജുമാമസ്ജിദും ഇപ്പോൾ അവരുടെ ലിസ്റ്റിലേക്ക് കടന്നുവരുന്നത്.
സംഭാലില്‍ ഹിന്ദുസേന നല്കിയ ഹരജി പ്രകാരം, കോടതി സര്‍വേ നടത്താന്‍ അനുമതി നല്‍കിയിരുന്നു. എന്നാൽ മുന്നറിയിപ്പുകളില്ലാതെ നടത്തിയ സര്‍വേ വെടിവെപ്പിലും അഞ്ച് പേരുടെ മരണത്തിലും ആണ് അവസാനിച്ചത്. ആ സംഘർഷത്തിന് ഇപ്പോള്‍ അയവ് വന്നിട്ടില്ല.