സൈനികപരിശീലനം ബിരുദ ക്രെഡിറ്റുകളാകും; കേന്ദ്ര സായുധസേനകളിൽ മുൻഗണന: “അഗ്നിവീര”ർക്കുള്ള മെച്ചങ്ങൾ പ്രഖ്യാപിച്ച് കേന്ദ്രം
പ്രധാനമന്ത്രിയുടെ ‘അഗ്നിപഥ്’ പദ്ധതി പ്രകാരം നാല് വര്‍ഷം പൂര്‍ത്തിയാക്കിയ ‘അഗ്നിവീര’ർക്ക് സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സിലേയ്ക്കും അസം റൈഫിള്‍സിലേക്കും റിക്രൂട്ട്മെന്റിനായി മുന്‍ഗണന നല്കാന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. പ്രതിരോധ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്ന കാലത്ത് അവര്‍ക്ക് ലഭിച്ച നൈപുണ്യ പരിശീലനം ഉള്‍പ്പെടുത്തി മൂന്ന് വര്‍ഷത്തെ പ്രത്യേക നൈപുണ്യാധിഷ്ഠിത ബിരുദ തല പ്രോഗ്രാം ആരംഭിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.
‘അഗ്നിപഥ് യോജന’ പ്രകാരം പരിശീലനം നേടിയ യുവാക്കള്‍ക്ക് രാജ്യത്തിന്റെ സേവനത്തിനും സുരക്ഷയ്ക്കും സംഭാവന നല്കാന് കഴിയുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഓഫീസ് ട്വീറ്റുകളിലൂടെ അറിയിച്ചു.
പദ്ധതിയ്ക്ക് കീഴില്‍ നിയമിക്കപ്പെടുന്ന അഗ്നിവീരരുടെ ഭാവി ജോലി സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സൈനികേതര മേഖലയിലെ വിവിധ ജോലികള്‍ക്കായി അവരെ സജ്ജരാക്കുന്നതിനുമാണ് ബിരുദ പദ്ധതി. ഇഗ്നോ രൂപകല്പന ചെയ്ത് നടപ്പിലാക്കുന്ന ഈ പ്രോഗ്രാമിന് കീഴില്‍, ബിരുദത്തിന് ആവശ്യമായ 50 % ക്രെഡിറ്റുകള്‍ അഗ്നിവീരന്മാര്ക്ക് ലഭിച്ച സാങ്കേതിക, സാങ്കേതികേതര നൈപുണ്യ പരിശീലനത്തില്‍ നിന്നായിരിക്കും. ബാക്കി 50 % ഭാഷകള്‍, സാമ്പത്തിക ശാസ്ത്രം, ഗണിതം, വിദ്യാഭ്യാസം, തൊഴിലധിഷ്ഠിത പഠനങ്ങള്‍, പരിസ്ഥിതി പഠനങ്ങള്‍, ഇംഗ്ലീഷിലെ ആശയവിനിമയ വൈദഗ്ധ്യം എന്നീ വിവിധ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു കൂട്ടം കോഴ്സുകളില്‍ നിന്ന് ലഭിക്കും.
ഈ പ്രോഗ്രാം യുജിസി മാനദണ്ഡങ്ങളോടും ദേശീയ വിദ്യാഭ്യാസ നയം 2020 വിഭാവനം ചെയ്യുന്ന നാഷണല്‍ ക്രെഡിറ്റ് ഫ്രെയിംവര്‍ക്ക് / നാഷണല്‍ സ്കില്‍ ക്വാളിഫിക്കേഷന്‍ ഫ്രെയിംവര്‍ക്കുമായും സമന്വയിപ്പിച്ചിരിക്കുന്നു. ഒന്നിലധികം എക്സിറ്റ് പോയിന്റുകള്‍ക്കുള്ള വ്യവസ്ഥയും ഇതിലുണ്ട്. ഒന്നാം വര്‍ഷ കോഴ്സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന് ശേഷം സര്‍ട്ടിഫിക്കറ്റ്, ഒന്നും രണ്ടും വര്‍ഷ കോഴ്സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന് ശേഷം ഡിപ്ലോമ മൂന്നാം വര്‍ഷം കോഴ്സ് പൂര്‍ത്തിയാക്കുമ്പോള്‍ ബിരുദം എന്നിങ്ങനെ ലഭിക്കും. പ്രോഗ്രാമിന്റെ ചട്ടക്കൂട് എഐസിടിഇ, എൻസിവിഇടി, യുജിസി എന്നിവ അംഗീകരിച്ചിട്ടുണ്ട്.
യുജിസി നിര്‍ദ്ദേശിക്കും വിധമുള്ള ബിഎ, ബികോം, ബിഎ വോക്കേഷണൽ, ബിഎ ടൂറിസം മാനേജ്മെൻ്റ് ബിരുദങ്ങള്‍ ഇഗ്നോ നല്‍കും. തൊഴിലിനും തുടര്‍ വിദ്യാഭ്യാസത്തിനുമായി ഇന്ത്യയിലും വിദേശത്തും കോഴ്സുകള്‍ക്കു അംഗീകാരം ഉണ്ടായിരിക്കും. കരസേനയും നാവികസേനയും വ്യോമസേനയും പദ്ധതി നടപ്പാക്കുന്നതിനായി ഇഗ്നോയുമായി ധാരണാപത്രം ഒപ്പിടുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Content Highlight: Agnipath recruitment scheme benefits