അമേരിക്ക റഷ്യയിൽ നിന്നും യുറേനിയം വാങ്ങുന്നുണ്ട്; ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിൽ എന്താണ് പ്രശ്നമെന്ന് വ്ലാദിമിർ പുടിൻ
ഇന്നലെ വൈകീട്ട് 6.35 നാണ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഇന്ത്യയിലെത്തിയത്. വിമാനത്താവളത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി പുടിനെ സ്വീകരിച്ചിരുന്നു.
ഇരുവരും ഒരു കാറിലാണ് പുടിന്റെ താമസസ്ഥലത്തേക്കു പോയത്. തുടർന്ന് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ റഷ്യൻ പ്രസിഡന്റിന് വിരുന്നൊരുക്കി. പിന്നീടുനടന്ന കൂടിക്കാഴ്ചയിൽ നരേന്ദ്ര മോഡി പുടിന് ഒരു ഭഗവത് ഗീത സമ്മാനിക്കുകയും ചെയ്തു. റഷ്യൻ പരിഭാഷ നടത്തിയ ഭഗവത് ഗീതയാണ് മോദി സമ്മാനിച്ചത്.
മോദിയുടെ നേതൃത്വത്തിൽ ഇന്ത്യക്കാർക്ക് അഭിമാനിക്കാമെന്നും, ഇന്ത്യയും റഷ്യയും തമ്മിലുള്ള ഊർജമേഖലയിലെ സഹകരണവും എണ്ണ വ്യാപാരവും പുറത്തുനിന്നുള്ള സമ്മർദത്തിന് അതീതമാണ് എന്നും വ്ലാദിമിർ പുടിൻ പറഞ്ഞു. 2021-ന് ശേഷമുള്ള പുടിന്റെ ആദ്യത്തെ ഇന്ത്യന്‍ സന്ദര്‍ശനമാണിത്. റഷ്യ-യുക്രൈൻ യുദ്ധം ആരംഭിച്ച ശേഷം നടക്കുന്ന ആദ്യ സന്ദര്‍ശനം കൂടിയാണിത്.
ഇന്ത്യ സന്ദർശനത്തിന് തൊട്ടു മുന്നേ നൽകിയ ഒരു അഭിമുഖത്തിൽ അമേരിയ്ക്കയെ ശക്തമായ ഭാഷയിലാണ് പുടിൻ പരാമർശിച്ചത്. അമേരിക്കയ്ക്ക് റഷ്യയിൽ നിന്നും യുറേനിയം വാങ്ങാമെങ്കിൽ ഇന്ത്യയ്ക്ക് എന്തുകൊണ്ട് റഷ്യയിൽ നിന്നും എണ്ണ വാങ്ങിക്കൂടാ എന്നും റഷ്യൻ പ്രസിഡന്റ് ചോദിച്ചു.
‘ഇന്ത്യയിൽ നിർമ്മിക്കുക’, ‘റഷ്യയുമായി നിർമ്മിക്കുക’ തുടങ്ങിയ സംരംഭങ്ങളോടുള്ള ട്രംപിന്റെ പ്രതികരണം എന്തായിരിക്കുമെന്ന ചോദ്യത്തിന് മറുപടിയായിട്ടാണ്, ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ഒരു രാജ്യത്തിനും എതിരല്ലെന്ന് പുടിൻ പറഞ്ഞത്.
“ഞാനോ പ്രധാനമന്ത്രി മോദിയോ, ചില ബാഹ്യ സമ്മർദ്ദങ്ങൾ നേരിടേണ്ടി വന്നിട്ടും, ആർക്കെങ്കിലും എതിരായി പ്രവർത്തിക്കാൻ ഞങ്ങളുടെ സഹകരണത്തെ സമീപിച്ചിട്ടില്ല. ഞങ്ങൾ ഞങ്ങളുടെ സ്വന്തം അജണ്ടയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ആർക്കും എതിരല്ല, മറിച്ച് നമ്മുടെ താൽപ്പര്യങ്ങൾ, അതായത് ഇന്ത്യയുടെയും റഷ്യയുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം എന്നും പുടിൻ വ്യക്തമാക്കി. ഇരു രാജ്യങ്ങളും നടത്തുന്ന ഇടപാടുകൾ മറ്റുള്ളവർക്ക് ഒരു ദോഷവും വരുത്തുന്നില്ലെന്നും, ഈ നിലപാടിനെ മറ്റ് രാജ്യങ്ങളിലെ നേതാക്കൾ വിലമതിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങുന്ന നേതാവല്ല നരേന്ദ്ര മോദിയെന്ന് പുടിന് പറഞ്ഞു. മോദിയെ പോലൊരു നേതാവുള്ളത് ഇന്ത്യയുടെ ഭാഗ്യമാണെന്നും റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു. റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്ന് പുടിന് ആവര്‍ത്തിച്ചുപറഞ്ഞു.
ഇന്ന് രാവിലെ 11 ന് രാഷ്ട്രപതി ഭവനില്‍ എത്തി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് രാജ്ഘട്ടില്‍ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അര്‍പ്പിച്ച ശേഷം ഹൈദരാബാദ് ഹൗസിലേക്ക് പോകും. അവിടെയായിരിക്കും പ്രധാനപ്പെട്ട ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കുക.
പുടിന് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഇന്ത്യയിൽ എത്തിയത്. പ്രതിനിധി സംഘങ്ങളെ ഉള്‍പ്പെടുത്തിയുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷം ഒരു സംയുക്ത പ്രസ്താവന, റഷ്യ-ഇന്ത്യ സാമ്പത്തിക സഹകരണത്തിനായുള്ള 2030ലെ രൂപരേഖ, ലിക്വിഡ് റോക്കറ്റ് എഞ്ചിന് നിര്‍മ്മാണത്തെക്കുറിച്ചുള്ള ഒരു മെമ്മോറാണ്ടം തുടങ്ങിയ നിര്‍ണായകമായ പല തീരുമാനങ്ങളും ഉണ്ടായേക്കും.
വൈകീട്ട് ഏഴിന് രാഷ്ട്രപതി ദ്രൗപദി മുർമു പുട്ടിനും സംഘത്തിനും അത്താഴവിരുന്ന് നൽകും. രാത്രി ഒൻപതിന് സംഘം മോസ്കോയിലേക്ക് മടങ്ങും.
റഷ്യൻ പ്രസിഡന്റിന്റെ സന്ദർശനത്തോടനുബന്ധിച്ച് കർശന സുരക്ഷയാണ് രാജ്യ തലസ്ഥാനത്ത് നിലനിൽക്കുന്നത്. ഇന്ത്യ ഗവണ്മെന്റ് ഒരുക്കുന്ന സുരക്ഷയ്ക്ക് പുറമേ റഷ്യയുടെ അഡ്വാൻസ് സെക്യൂരിറ്റി, പ്രോട്ടോക്കോൾ ടീമുകളും പുട്ടിനായി സുരക്ഷ ഒരുക്കുന്നുണ്ട്. റഷ്യയിൽ നിന്നുള്ള 50 ഓളം ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇതിനായി ഇന്ത്യയിൽ എത്തിയിട്ടുള്ളത്













