പശ്ചിമ ബംഗാളില്‍ ചാന്‍സലര്‍ സ്ഥാനം മുഖ്യമന്ത്രിക്ക്; ഗവര്‍ണറെ ഒഴിവാക്കി നിര്‍ണായക നീക്കം
പശ്ചിമ ബംഗാളില്‍ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനം മുഖ്യമന്ത്രിക്ക് നല്കാന് നീക്കം. ഗവര്‍ണര്‍മാര്‍ ചാന്‍സലറാകുന്നതാണ് നിലവിലെ സമ്പ്രദായം. ഇതിന് പകരമായി മുഖ്യമന്ത്രിയെ ചാന്‍സലറാക്കാനുള്ള നിര്‍ദേശത്തിന് മമതാ ബാനര്‍ജി മന്ത്രിസഭ അംഗീകാരം നല്കി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് നിര്‍ണായക തീരുമാനം എടുത്തത്.
പശ്ചിമ ബംഗാളിന് പുറമേ കേരളം, തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ഗവര്‍ണറും സംസ്ഥാനവും തമ്മില്‍ വൈസ് ചാന്‍സലര്‍ നിയമനത്തിലുള്‍പ്പെടെ തര്‍ക്കങ്ങളുണ്ടായിരുന്നു. ചാന്‍സലര്‍ സ്ഥാനം മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന ആവശ്യം കേരളത്തില്‍ ഉയരുകയും വിവാദമാകുകയും ചെയ്തിരുന്നു.
രാജ്ഭവന്റെ അനുമതിയില്ലാതെ സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലയ്ക്ക് വൈസ് ചാന്‍സലര്‍മാരെ നിയമിച്ചതായി പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍ നേരത്തെ ആരോപിച്ചിരുന്നു. പുതിയ തീരുമാനത്തോടെ മമതയും ധന്ഖറുമായുള്ള പോര് വീണ്ടും ശക്തമാകും.
Content Highlight: bengal government resolution to make chief minister chancellor