”GAY” എന്ന പേര് എയർപോർട്ടിന് തന്നെ അപമാനം; ഗയ എയർപോർട്ടിൻറെ കോഡ് മാറ്റണമെന്ന് ബിജെപി എംപി

ബിഹാറിലെ ഗയ വിമാനത്താവളത്തിന്റെ അയാട്ട കോഡ്, അതായത് – ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ ഐഡന്റിഫയർ കോഡ് ‘GAY’ എന്നാണ്. ഗയ എന്ന പേരിലെ ആദ്യത്തെ മൂന്ന് അക്ഷരങ്ങളാണ് അത്. ഈ ഗേ എന്ന പേരിൽ ഇപ്പോൾ ആശങ്ക അറിയിക്കുകയാണ് രാജ്യസഭയിലെ ബിജെപി അംഗം ഭീം സിങ്.
എന്നാൽ ഇതിന് മറുപടിയായി വ്യോമയാന സഹമന്ത്രി മുരളീധർ മഹോൽ പറഞ്ഞത്, മൂന്നക്ഷരമുള്ള എയർപോർട്ട് തിരിച്ചറിയൽ കോഡുകൾ ഒരിക്കൽ തീരുമാനിച്ച് കഴിഞ്ഞാൽ പിന്നെ അത് മാറ്റാറില്ലെന്നാണ്. വ്യോമ തലത്തിലെ സുരക്ഷയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിലും, അല്ലെങ്കിൽ അത്രയും അപൂർവമായ സാഹചര്യങ്ങളിലും മാത്രമാണ് ഇതിൽ മാറ്റം വരുത്താറെന്നും മന്ത്രി വ്യക്തമാക്കി.
ഈ കോഡ് നൽകുന്നത് IATAയാണ്. യാത്രയുമായി ബന്ധപ്പെട്ട വ്യവസ്ഥകളുടെ ഭാഗമായി വിമാനത്താവളങ്ങൾ തിരിച്ചറിയാനുള്ള മാർഗമായാണ് ഇതിനെ ഉപയോഗിക്കുന്നത്. ഏത് നഗരത്തിലാണോ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്, ആ നഗരത്തിന്റെ പേരിലെ ആദ്യ മൂന്ന് അക്ഷരങ്ങളാണ് സാധാരണയായി ഈ കോഡിനായി ഉപയോഗിക്കുന്നതെന്നും മന്ത്രി നൽകിയ റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്. മുമ്പും ഗയ വിമാനത്താവളത്തിന്റെ തിരിച്ചറിയൽ കോഡ് മാറ്റണമെന്ന ആവശ്യം വ്യോമയാന മന്ത്രാലയത്തിനും എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യയ്ക്കും ലഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
കൊമേർഷ്യൽ എയർലൈൻ ഓപ്പറേഷൻസിന് വേണ്ടി, എയർലൈൻ ഓപ്പറേറ്റർ നൽകുന്ന അപേക്ഷയിലാണ് അയാട്ട ഈ ലൊക്കേഷൻ കോഡുകൾ നൽകുന്നത്. ഗയ എയർപോർട്ടിന്റെ തിരിച്ചറിയൽ കോഡ് മാറ്റണമെന്ന് ആവശ്യപ്പെട്ട് എയർഇന്ത്യ മുമ്പും അധികൃതരെ സമീപിച്ചിരുന്നു. അയാട്ട റെസല്യൂഷൻ 763ന്റെ നിബന്ധനകൾ പ്രകാരം ഇത് സ്ഥിരമായി തന്നെയുള്ള കോഡാണെന്ന് അന്ന് നൽകിയ മറുപടിയെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
ബിജെപി എംപി ചോദിക്കുന്നത്, ജനങ്ങൾക്ക് സാമൂഹികപരമായും സാംസ്കാരികപരമായും സുഖകരമല്ലാത്തതും കുറ്റകരമായി കണക്കാക്കുന്നതുമായ ‘GAY’ എന്ന കോഡാണോ വിമാനത്താവളത്തിന് നൽകിയിരിക്കുന്നത് എന്നാണ്. സാംസ്കാരികമായി കൂടുതൽ മെച്ചപ്പെട്ട ഒരു കോഡ് എയർപോർട്ടിന് നൽകാൻ സർക്കാർ പരിഗണന ഉണ്ടോയെന്നും ഭീം സിങ് ചോദിച്ചിരുന്നു. ഗേയ്ക്ക് പകരമായി യാഗ് എന്ന പേര് നൽകിയാൽ അത് രാജ്യത്തിന്റെ പുരാതന സംസ്കരത്തെ ആദരിക്കുന്ന കോഡ് ആകുമെന്നും പറയുന്നുണ്ട്. എന്നാൽ അയാട്ട പറയുന്നത് ഒരൊറ്റ കാര്യമാണ്. വ്യോമ സുരക്ഷാ പ്രശ്നങ്ങൾ ഇല്ലാത്ത കാലത്തോളം ഈ പേര് മാറ്റാൻ സാധിക്കില്ല എന്നാണ് അവർ തീർത്ത് പറയുന്നത്.
ബിജെപി സർക്കാർ അധികാരത്തിൽ വന്ന ശേഷം ഒരുപാട് റോഡുകളുടേ പേരിൽ മാറ്റം വരുത്തിയിരുന്നു. റെയിൽവേ സ്റ്റേഷനുകളുടെ പേരും മാറ്റിയിരുന്നു. നിരവധി സ്ഥലങ്ങളുടെ പേരും മാറ്റിയിരുന്നു. എന്നാൽ ഈ വിഷയത്തിൽ തീരുമാനം എടുക്കേണ്ടത് അയാട്ട മാത്രമാണ്.അവർക്ക് ഗേ എന്ന പേരിൽ കുഴപ്പമൊന്നും തോന്നുന്നില്ലെങ്കിൽ, ആ പേര് മാറ്റുകയുമില്ല.
രാഷ്ട്രപതി ഭവനിലെ ഉദ്യാനമായ മുഗൾ ഗാർഡന്റെ പേര് അമൃത് ഉദ്യാൻ ആക്കിയിരുന്നു. 2015-ൽ ഔറംഗസേബ് റോഡ് എ പി ജെ അബ്ദുൽകലാം റോഡ് ആയി പേര് മാറ്റിയിരുന്നു. 2017-ൽ, അതുവരെ ഡൽഹൗസി റോഡ് എന്നറിയപ്പെട്ട റോഡിന്, ദാരാ ഷിക്കോ റോഡ് എന്ന് പേരിട്ടു. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയം നരേന്ദ്ര മോദി സ്റ്റേഡിയം എന്ന പേരിലാണ് ഇപ്പോൾ അറിയപ്പെടുന്നത്. മൊട്ടേരയിലെ സ്റ്റേഡിയത്തിന്റെ ആദ്യത്തെ പേര് ഗുജറാത്ത് സ്റ്റേഡിയം എന്നായിരുന്നു. പുതുക്കിപ്പണിതപ്പോൾ അത് സർദാർ പട്ടേൽ സ്റ്റേഡിയമായി. അതിനുശേഷമാണ് സ്റ്റേഡിയത്തിന് നരേന്ദ്ര മോദിയുടെ പേര് നൽകിയത്. അതേപോലെ ഫിറോസ് ഷാ കോട്ല സ്റ്റേഡിയം ഇപ്പോൾ അരുൺ ജയ്റ്റ്ലി സ്റ്റേഡിയമാണ്.
ഉത്തർപ്രദേശിലെ ഏറ്റവും വലിയ നഗരമായ അലഹബാദിനെ ‘പ്രയാഗ്രാജ്’ ആക്കി മാറ്റിയത് യോഗി സർക്കാരാണ്. 2018ൽ യുപിയിലെ തന്നെ ഫൈസാബാദ് ജില്ലയുടെ പേര് ‘അയോധ്യ’ എന്നാക്കി മാറ്റിയിരുന്നു. മുഗൾസരായ് റെയിൽവേ സ്റ്റേഷന്റെ പേര് പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ് ജങ്ഷൻ എന്നും മാറ്റിയിരുന്നു. മഹാരാഷ്ട്രയിലെ ഔറംഗബാദിന് സംഭാജിനഗർ എന്നും ഉസ്മാനാബാദിന് ധാരാശിവ് എന്ന്നും പേരിട്ടിരുന്നു.
ഇതൊന്നും പോരാഞ്ഞിട്ട് ഇന്ത്യ ഗേറ്റിന്റെ പേര് മാറ്റി ”ഭാരത് മാതാ ദ്വാർ” എന്നാക്കണമെന്ന് ഒരു ബിജെപി നേതാവ് ആവശ്യപ്പെട്ടിരുന്നു. എന്തോ ഭാഗ്യത്തിന് ആ പേര് മാറ്റാൻ സർക്കാരിന് തോന്നിയതുമില്ല.