ഷഹീന് ബാഗില്‍ വീണ്ടും ബുള്‍ഡോസര്‍; പ്രതിഷേധത്തിനൊടുവില്‍ മടങ്ങി
ഡൽഹി ഷഹീൻ ബാഗിലും അനധികൃത കെട്ടിടങ്ങൾ ഇടിച്ചു നിരത്താനെന്ന പേരിൽ ബുൾഡോസറുകളെത്തി. ശക്തമായ പ്രതിഷേധത്തെ തുടർന്ന് നടപടികളിലേക്ക് കടക്കാതെ അവർ പിൻവാങ്ങി. പൗരത്വ നിയമഭേദഗതി സമരങ്ങളിലൂടെ ശ്രദ്ധേയമായ സ്ഥലമാണ് ഷാഹിൻബാഗ്. സൗത്ത് ഡൽഹി മുസിപ്പൽ കോർപറഷന്റെ നീക്കത്തിനെതിരെ നാട്ടുകാരും വ്യാപാരികളും സംഘടിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. ആം ആദ്മി പാർട്ടി എം എൽ എ അമാനുള്ള ഖാനും കോൺഗ്രസ് പ്രാദേശിക നേതാക്കളും ഇവർക്കൊപ്പം ചേർന്നു. ഡല്‍ഹി മുൻസിപ്പൽ കോർപറേഷൻ ഭരിക്കുന്നത് ബി ജെ പിയാണ്. അനധികൃത നിര്‍മാണം സ്വയം നീക്കാമെന്ന് പറഞ്ഞ പ്രതിഷേധക്കാർ കെട്ടിടങ്ങളുടെ ചില ഭാഗങ്ങൾ പൊളിച്ചു മാറ്റിയതിനെ തുടർന്നാണ് ബുൾഡോസർ പിൻവാങ്ങിയത്.
ഷഹീൻ ബാഗിലെ ഇടിച്ചു നിരത്തലിനെതിരെ സി പി ഐ എം ഹരജി നൽകിയിരുന്നെങ്കിലും സുപ്രിം കോടതി അതിൽ ഇടപെടാൻ വിസമ്മതിച്ചു. ഒരു രാഷ്ട്രീയ പാർട്ടി എന്തിനാണ് ഇക്കാര്യത്തിൽ ഹരജി നൽകിയതെന്നാണ് ജസ്റ്റിസ് നാഗേശ്വരറാവു അധ്യക്ഷനായ ബഞ്ച് ചോദിച്ചത്. ഇവിടെ പൗരന്റെ മൗലിക അവകാശങ്ങൾ ലംഘിക്കപ്പെട്ടിട്ടില്ലെന്നും നിലവിൽ രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി നിലകൊള്ളാൻ പറ്റില്ലെന്നും കോടതി അറിയിച്ചു. കയ്യേറ്റമുണ്ടെന്ന് ബോധ്യപ്പെട്ടാൽ ഒഴിപ്പിക്കും. അതിന് നാട്ടുകാർ പരാതിയുമായി വരട്ടെ എന്നുമാണ് കോടതി പറയുന്നത്. ഇന്ന് പരാതിക്കാരോട് ഡൽഹി ഹൈക്കോടതിയെ സമീപിക്കാനും കോടതി നിർദേശിച്ചു. ഡൽഹി കോടതി കേസ് പരിഗണിക്കുന്നത് വരെ നടപടികൾ പാടില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തക്ക് നിർദേശം നൽകി.
Content Highlight: Bulldozer reaches Shaheen Bagh; retreats in face of protest.