പശുവിൻ്റെ പേരിൽ ഇരട്ടക്കൊല: മധ്യപ്രദേശിൽ 2 ഗോത്രവർഗക്കാരെ അടിച്ചുകൊന്നു
മധ്യപ്രദേശിൽ പശുവിൻ്റെ പേരിൽ വീണ്ടും അരുംകൊല. ഗോണ്ഡ്വാന എന്ന ആദിവാസി ഗോത്രവിഭാഗത്തിൽപ്പെട്ട രണ്ടുപേരെയാണ് ഇരുപതോളം വരുന്ന ആൾക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയത്. പശുവിനെ കശാപ്പ് ചെയ്തു എന്നാരോപിച്ചായിരുന്നു കൊലപാതകം. മധ്യപ്രദേശിലെ ആദിവാസി ഭൂരിപക്ഷ ജില്ലയായ സിയോനിയിലാണ് സംഭവം.
പശുവിനെ കൊന്ന് ഇറച്ചി കടത്തിയെന്നാരോപിച്ച് സിമിരിയ ഗ്രാമത്തിലെ ധൻസ (54), സമ്പത് ബത്തി (66) എന്നിവരെയാണ് അക്രമികൾ കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നത്. ആക്രമണം തടയാൻ ചെന്ന ബ്രിജേഷ് എന്ന ആദിവാസി യുവാവിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തടയാൻ ചെന്ന കൊല്ലപ്പെട്ടവരിലൊരാളുടെ ഭാര്യയ്ക്ക് നേരേ അക്രമികൾ ലൈംഗികാതിക്രമം നടത്തിയതായും റിപ്പോർട്ടുണ്ട്.
ബജ്രംഗ് ദൾ- ബിജെപി അംഗങ്ങളാണ് കൊലയ്ക്ക് പിന്നിലെന്ന് കോൺഗ്രസും സിപിഎമ്മും ആരോപിച്ചു. കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു. സംഭവത്തിൽ വസ്തുതാന്വേഷണം നടത്തുന്നതിനായി കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കമൽ നാഥ് ഒരു മൂന്നംഗ സമിതിയെ ഗ്രാമത്തിലേയ്ക്കയച്ചിട്ടുണ്ട്.
എന്നാൽ, അക്രമികൾ “രാം സേന” തീവ്ര ഹിന്ദുത്വ സംഘടനയിൽപ്പെട്ടവരാണെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടതായി സിയോനി പൊലീസ് അറിയിച്ചു. പ്രതികളിൽ ആറുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കെതിരെയും കണ്ടാലറിയാവുന്ന 11-12 പേർക്കെതിരെയും കൊലപാതകത്തിനും കലാപത്തിനും കേസെടുത്തിട്ടുണ്ടെന്ന് സിയോണി ജില്ലാ പൊലീസ് സൂപ്രണ്ട് കുമാർ പറഞ്ഞതായി പ്രതീക് ന്യൂ ഇന്ത്യൻ എക്സ്പ്രസ് ദിനപ്പത്രം റിപ്പോർട്ട് ചെയ്യുന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കൈമാറുമെന്നും പൊലീസ് അറിയിച്ചു.
അതേസമയം, കൊല്ലപ്പെട്ടവരുടെ വീട്ടിൽ നിന്നും 12 കിലോഗ്രാം ഇറച്ചി കണ്ടെടുത്തുവെന്ന് അഡീഷണൽ എസ് പി എസ് കെ മാരവി പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. ഇത് ബീഫ് ആണോ അതോ മറ്റേതെങ്കിലും ഇറച്ചിയാണോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ധൻസയുടെയും സമ്പത്തിൻ്റെയും കൊലപാതകത്തിൽ പ്രതിഷേധിച്ച് ഗോത്രവിഭാഗത്തിൽപ്പെട്ടയാളുകൾ നാഗ്പൂർ-ജബല്പൂർ ദേശീയപാത ഉപരോധിച്ചു. പ്രദേശത്തെ കോൺഗ്രസ് എം എൽ എ ആയ അർജുൻ സിങ് കകോദിയയുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. അക്രമികൾ ബജ്രംഗ് ദൾ പ്രവർത്തകരായിരുന്നുവെന്ന് അർജുൻ സിങ് ആരോപിച്ചു. പ്രതികളുടെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർക്കണമെന്നും ബജ്രംഗ് ദളിനെ നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് ഒരുകോടി രൂപ നഷ്ടപരിഹാരവും ആശ്രിതർക്ക് സർക്കാർ ജോലിയും നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.