ക്രിക്കറ്റ് താരം അജയ് ജഡേജയെ ജാംനഗറിലെ കിരീടാവകാശിയായി പ്രഖ്യാപിച്ചു
ക്രിക്കറ്റ് താരം അജയ് ജഡേജയെ ചരിത്രപ്രധാനമായ ഹലാർ മേഖലയിലെ കിരീടാവകാശിയായി പ്രഖ്യാപിച്ചു. ഗുജറാത്തിലെ ഗള്‍ഫ് ഓഫ് കച്ചിൻ്റെ തെക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന നാട്ടുരാജ്യമായ നവനഗറിൻ്റെ ( ജാംനഗർ) അടുത്ത ജംസാഹേബായിയായാണ് അജയ് ജഡേജയെ പ്രഖ്യാപിച്ചത്.
നവനഗർ മഹാരാജ ജംസാഹേബ് ആണ് ഇതുസംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്. അജയ് ജഡേജ ഉള്‍പ്പെടുന്ന ജാംനഗറിലെ രാജകുടുംബത്തിന് ക്രിക്കറ്റ് രംഗത്ത് വലിയ പാരമ്ബര്യമുണ്ട്. പ്രശസ്തമായ രഞ്ജി ട്രോഫിയും ദുലീപ് ട്രോഫിയും യഥാക്രമം ജഡേജയുടെ ബന്ധുക്കളായ കെ എസ് രഞ്ജിത് സിംഗ്ജി, കെ എസ് ദുലീപ് സിംഗ്ജി എന്നിവരുടെ പേരിലാണ് അറിയപ്പെടുന്നത്.
ജഡേജയുടെ പിതാവ് ദൗലത്സിൻജി ജഡേജ മൂന്ന് തവണ ജാംനഗർ ലോക്സഭയില്‍ നിന്നുള്ള പാർലമെൻ്റ് അംഗമായിരുന്നു. അമ്മ ആലപ്പുഴ സ്വദേശിയാണ്. ജയാ ജെയ്റ്റ്ലിയുടെ മകള്‍ അദിതി ജെയ്റ്റ്ലിയെയാണ് ജഡേജ വിവാഹം കഴിച്ചത്. ഇവർക്ക് ഐമാൻ, അമീറ എന്നീ രണ്ട് കുട്ടികളുണ്ട്.