അഗ്നിപഥിൽ നിന്ന് ഒരനക്കം പോലും പിന്നോട്ടില്ലെന്ന് ആവർത്തിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്
ഹ്രസ്വകാല സൈനിക റിക്രൂട്ട്മെന്റ് ആയ അഗ്നിപഥ് നടപ്പിലാക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് ആവർത്തിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ് നാഥ് സിങ്. രാജ്യമെങ്ങും അഗ്നിപഥിനെതിരെ പ്രതിഷേധം ആളിക്കത്തുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ നിലപാട് ആവർത്തിച്ച് പ്രതിരോധമന്ത്രി തന്നെ രംഗത്തെത്തിയത്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി സൈന്യത്തിലേക്ക് റിക്രൂട്ട്മെന്റ് നടന്നിട്ടില്ല. അതുകൊണ്ടാണ് പ്രായപരിധി ഉയർത്തിയത് എന്നാണ് കേന്ദ്രസർക്കാറിന്റെ വിശദീകരണം.
സൈന്യത്തിലേക്ക് നാല് വർഷത്തേക്ക് കരാർ നിയമനം നടത്തുന്നതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം തുടരുകയാണ്. ബിഹാറിൽ ഇന്നും ട്രെയിനിന് പ്രതിഷേധക്കാർ തീയിട്ടു. ഉത്തർപ്രദേശിൽ പ്രതിഷേധക്കാർ ട്രെയിൻ അടിച്ചു തകർത്തു. ഡൽഹി കൊൽക്കത്ത ദേശീയ പാത പ്രതിഷേധക്കാർ അടപ്പിച്ചു.
പ്രായപരിധിയിൽ വിവാദം വന്നതോടെ അതിൽ ഭേദഗതി വരുത്തി. വരുൺ ഗാന്ധി എം പി ഉൾപ്പെടെയുള്ളവർ അഗ്നിപഥിനെതിരെ നിലപാട് സ്വീകരിച്ചതോടെയാണ് മാനദണ്ഡങ്ങളിൽ ഇളവ് പ്രഖ്യാപിച്ചത്. അഗ്നിപഥ് അനുസരിച്ച് സേനയിൽ ചേരാനുള്ള പ്രായപരിധി 23 ആക്കി ഉയർത്തി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെല്ലാം പ്രതിഷേധം ആളിപ്പടരുകയാണ്. ബിഹാറിൽ മാത്രം ഇന്നലെ പത്ത് ജില്ലകളിൽ നടന്ന സംഘർഷങ്ങളിലായി മൂന്ന് ട്രെയിനുകൾക്ക് തീയിട്ടു.
പ്രതിപക്ഷ പാർട്ടികളെല്ലാം ഒറ്റക്കെട്ടായി കേന്ദ്രസർക്കാറിന്റ പുതിയ പദ്ധതിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. നിലവിൽ പിന്തുണയുമായി കേന്ദ്രത്തിനൊപ്പം നിൽക്കുന്നത് ഹരിയാന സർക്കാർ മാത്രമാണ്. അഗ്നിപഥിൽ സേവനം അനുഷ്ടിച്ച് തിരികെ എത്തുന്നവർക്ക് സംസ്ഥന പൊലീസിൽ മുൻഗണനയുണ്ടാവുമെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Content Highlights : Central minister Rajnath Singh on Agnipath