പ്രയാഗ് രാജിലെ ബുൾഡോസർ ഇടപെടലിനെ ന്യായീകരിച്ച് യു പി സർക്കാർ സുപ്രീം കോടതിയിൽ
ബി ജെ പിനേതാക്കൾ പ്രവാചകനിന്ദ നടത്തിയതിന്റെ പേരിൽ നടന്ന പ്രതിഷേധങ്ങളെ തുടർന്ന് പ്രയാഗ് രാജിലും കാൺപൂരിലും ബുൾഡോസറുകൾ ഉപയോഗിച്ച് കെട്ടിടങ്ങൾ പൊളിച്ചത് നിയമവിധേയമെന്ന് സുപ്രീംകോടതിയിൽ ഉത്തർപ്രദേശ് സർക്കാർ. വെൽഫെയർ പാർട്ടി നേതാവ് ജാവേദ് മുഹമ്മദിന്റെ വീട് പൊളിച്ചത് വികസന അതോറിറ്റിയുടെ ചട്ടങ്ങൾ ലംഘിച്ച് നടത്തിയ നിർമാണമായതുകൊണ്ടാണ് എന്നാണ് യു പി സർക്കാർ സുപ്രീംകോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ പറയുന്നത്.
പ്രവാചകനിന്ദയിൽ പ്രതിഷേധിച്ചവരുടെ വീടുകൾ പൊളിച്ചു നീക്കിയ യു പി സർക്കാറിന്റെ നടപടി ചോദ്യം ചെയ്ത് ജംയത്തുൾ ഉലമ നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയത്. 1973 ലെ ഉത്തർപ്രദേശ് അർബൻ പ്ലാനിങ് ആന്റ് ഡെവലപ്മെന്റ് ആക്ട് പ്രകാരം നോട്ടീസ് നൽകിയാണ് പൊളിക്കൽ നടപടികൾ എന്നാണ് സർക്കാറിന്റെ വിശദീകരണം.
കെട്ടിടങ്ങൾ പൊളിച്ചതിന് പിന്നിൽ രാഷ്ട്രീയ താത്പര്യങ്ങളില്ലെന്നും മുൻകൂർ നോട്ടീസ് നൽകിയാണ് പൊളിക്കാൻ തുടങ്ങിയതെന്നുമാണ് സർക്കാറിന്റെ വിശദീകരണം. കെട്ടിടം നഷ്ടപ്പെട്ട ആരും കോടതിയെ സമീപിച്ചിട്ടില്ല. ജംയത്തുൾ ഉലുമയുടേത് അനാവശ്യ ഇടപെടലാണെന്നാണ് സർക്കാറിന്റെ വാദം.
ബി ജെ പി നേതാക്കളുടെ പ്രവാചക നിന്ദയിൽ പങ്കെടുത്തവരുടെ വീടുകൾ പ്രയാഗ് രാജിലും കാൺപൂരിലും ഉൾപ്പെടെ പൊളിച്ചു നീക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് ജംയത്തുൾ ഉലുമ സുപ്രീം കോടതിയെ സമീപിച്ചത്.
Content Highlights : Demolition lawful UP Government at Supreme Court