ഫോട്ടോഗ്രാഫർ ആർ രവീന്ദ്രൻ അന്തരിച്ചു
പ്രമുഖ ഫോട്ടോ ജേർണലിസ്റ്റ് ആർ രവീന്ദ്രൻ അന്തരിച്ചു. ഞായറാഴ്ച വൈകീട്ട് ഡൽഹിയിലായിരുന്നു അന്ത്യം. കാൻസർബാധിതനായിരുന്നു. കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി എൻഫോഴ്സമെന്റ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായപ്പോഴുള്ള പ്രക്ഷോഭങ്ങൾ വരെ കാമറയിൽ പകർത്തിയ ശേഷമാണ് രവീന്ദ്രന്റെ മടക്കം.
രാജ്യം ഏറെ ചർച്ച ചെയ്ത മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിനെ തുടർന്നുള്ള പ്രക്ഷോഭത്തിനിടെ കോളജ് വിദ്യാർഥിയായ രാജീവ് ഗോസ്വാമി സ്വയം തീക്കൊളുത്തിയതിന്റെ ചിത്രമാണ് അന്ന് എ എഫ് പി യുടെ ഫോട്ടാഗ്രാഫറായ രവീന്ദ്രനെ പ്രശസ്തനാക്കിയത്.
സർക്കാർ ഉദ്യഗങ്ങളിൽ ഇരുപത്തിയേഴ് ശതമാനം ഒ ബി സി സംവരണം ശുപാർശ ചെയ്ത മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് അടിസ്ഥാനമാക്കി പിന്നാക്ക ജാതിക്കാർക്ക് ജോലി സംവരണം ഏർപ്പെടത്താനുള്ള വി പി സിങ് സർക്കാറിന്റെ തീരുമാനത്തിനെതിരെ വലിയ പ്രതിഷേധമുയർന്നിരുന്നു. തീക്കൊളുത്തിയ രാജീവ് ഗോസ്വാമിയുടെ ചിത്രം പിന്നീട് മണ്ഡൽ പ്രക്ഷോഭത്തിന്റെ മുഖമായി മാറി.
തിരുവനന്തപുരം ഇടഗ്രാമമാണ് സ്വദേശം. വർഷങ്ങളായി ഡൽഹിയിലാണ്. ഗുജറാത്തിൽ പ്ലേഗ്, ഭോപ്പാൽ വാതക ദുരന്തം രാജീവ് ഗാന്ധിയുടെ അന്ത്യയാത്ര തുടങ്ങിയ ചിത്രങ്ങൾ രവീന്ദ്രനെന്ന ഫോട്ടോഗ്രാഫറുടെ കൈയ്യൊപ്പ് പതിഞ്ഞവയാണ്. 1974 ൽ റിപ്പോർട്ടറായി എ എഫ് പിയിൽ ചേർന്ന രവീന്ദ്രൻ 1984 മുതലാണ് ഫോട്ടോഗ്രാഫറായത്.2014 ൽ എ എഫ് പിയി ൽ നിന്ന് വിരമിച്ച ശേഷം എ എൻ ഐ ക്ക് വേണ്ടിയും പ്രവർത്തിച്ചു.
ഭാര്യ അംബിക, മകൾ അനുശ്രീ.
സംസ്കാരം ഇന്ന് വൈകീട്ട് ഡൽഹിയിൽ
Content Highlights: R Raveendran Mandal Commission Protest Photographer