ഭോപാലില്‍ ഫാക്ടറിയില്‍ നിന്ന് 1800 കോടിയുടെ മയക്കുമരുന്ന് പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍
 
			    	    മധ്യപ്രദേശിലെ ഭോപാലിനടുത്തുള്ള ഫാക്ടറിയില്‍ നിന്ന് 1800 കോടിയുടെ മയക്കുമരുന്ന് പിടികൂടി. നാർക്കോട്ടിക് കണ്ട്രോള് ബ്യൂറോയും തീവ്രവാദ വിരുദ്ധ സ്ക്വാഡും ചേർന്ന് നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
ഫാക്ടറിയില്‍ ഉല്‍പ്പാദിപ്പിച്ചിരുന്ന എം.ഡി (മെഫെഡ്രോണ്‍) മയക്കുമരുന്നുകളാണ് റെയ്ഡില്‍ കണ്ടെടുത്തത്. അനധികൃത മയക്കുമരുന്ന് ഉല്പാദനവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ഗുജറാത്ത് മന്ത്രി ഹർഷ് സാങ്വി പ്രശംസിച്ചു. മയക്കുമരുന്ന് കടത്തും ദുരുപയോഗവും ചെറുക്കുന്നതില്‍ നിയമ നിർവഹണ ഏജൻസികളുടെ അശ്രാന്ത പരിശ്രമത്തെയാണ് ഈ നേട്ടം കാണിക്കുന്നത്. സമൂഹത്തിന്റെ ആരോഗ്യവും സുരക്ഷിതത്വവും സംരക്ഷിക്കുന്നതില്‍ അവരുടെ ശ്രമങ്ങള്‍ നിർണായകമാണെന്ന് അദ്ദേഹം എക്സ് പോസ്റ്റില്‍ പറഞ്ഞു.
 
			    					         
								     
								    













