രാജസ്ഥാനില്‍ മഴക്കെടുതി; എട്ടു മരണം

കനത്ത മഴക്കെടുതിയില്‍ തിങ്കളാഴ്ച രാജസ്ഥാനില്‍ എട്ട് പേർ മരിച്ചു. റോഡുകളില്‍ ഗതാഗതം തടസ്സപ്പെടുകയും ജനജീവിതം സ്തംഭിക്കുകയും ചെയ്തു.
കനത്ത മഴ രാജസ്ഥാനിലെ കരൗലിയിലും ഹിന്ദൗണിലും വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യം സൃഷ്ടിച്ചു.
അണക്കെട്ടുകളും നദികളും കവിഞ്ഞൊഴുകുകയാണ്. കരൗലിയിലും ഹിന്ദൗണിലും നൂറോളം പേരെ ദുരന്ത നിവാരണ സേന രക്ഷപ്പെടുത്തി. കനത്ത മഴയുടെ പ്രവചനത്തെ തുടർന്ന് ജയ്പൂർ, സവായ് മധോപൂർ, ഭരത്പൂർ, ദൗസ, കരൗലി ജില്ലകളിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.
ദേശീയ ദുരന്ത നിവാരണ സേനയും (എൻ.ഡി.ആർ.എഫ്), സംസ്ഥാന ദുരന്ത നിവാരണ സേനയും (എസ്.ഡി.ആർ.എഫ്) ടീമുകള്‍ നൂറോളം പേരെ ഒഴിപ്പിച്ചിട്ടുണ്ടെന്നും രക്ഷ പ്രവർത്തനം തുടരുകയാണെന്നും ദുരന്തനിവാരണ വകുപ്പ് ജോയന്റ് സെക്രട്ടറി ഭഗവത് സിങ് പറഞ്ഞു.