സ്വര്‍ണക്കടത്ത് കേസ്; നടി രന്യ റാവുവിന് 102 കോടി പിഴ

സ്വര്‍ണക്കടത്ത് കേസില്‍ നടി രന്യ റാവുവിന് 102 കോടി രൂപ പിഴ ചുമത്തി റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ്. ഹോട്ടല്‍ വ്യവസായി തരുണ്‍ കൊണ്ടരാജു, ജ്വല്ലറി ഉടമകളായ സഹില്‍ സകാരിയ, ഭരത് കുമാര്‍ ജെയിന് എന്നിവര്‍ക്കും പിഴയിട്ടിട്ടുണ്ട്. ഇവര്‍ക്ക് 63 കോടി, 56 കോടി രൂപ വീതമാണ് പിഴ. ചൊവ്വാഴ്ച്ച ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ എത്തിയ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ മൂന്ന് പേര്‍ക്കും 250 പേജ് വരുന്ന നോട്ടീസും 2500 പേജുള്ള മറ്റ് രേഖകളും കൈമാറി.
മാര്‍ച്ച് നാലിനാണ് സ്വര്‍ണക്കടത്ത് കേസില്‍ നടി രന്യ റാവു അറസ്റ്റിലായത്. ദുബായില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്വര്‍ണം കടത്താനായിരുന്നു ശ്രമം. സ്വര്‍ണം ഇവര്‍ ധരിക്കുകയും ശരീരത്തില്‍ ഒളിപ്പിക്കുകയും ചെയ്തിരുന്നു. അറസ്റ്റിലാകുന്നതിന് മുമ്പ് നാല് തവണ നടി ദുബായ് സന്ദര്‍ശനം നടത്തിയതോടെ ഡിആര്‍ഐയുടെ നിരീക്ഷണത്തിലാകുകയായിരുന്നു.
കര്‍ണാടകയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ മകളാണെന്ന് പറഞ്ഞ് രന്യ പരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും റവന്യൂ ഇന്റലിജന്‍സ് സംഘം വിട്ടുകൊടുത്തില്ല. നടിയെ കസ്റ്റഡിയിലെടുക്കുകയും വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.