കനത്ത മഴ, വെള്ളപ്പൊക്കം; ഗുജറാത്തില്‍ മരിച്ചവരുടെ എണ്ണം അറുപത്തി മൂന്നായി
ഗുജറാത്തില്‍ കനത്ത മഴയിൽ വെള്ളപ്പൊക്കം. മഴക്കെടുതിയിൽ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ഏഴ് പേർ മരിച്ചു. ഇത്തവണത്തെ മഴയിൽ ഇതുവരെ മരിച്ചവരുടെ എണ്ണം അറുപത്തി മൂന്നായി. 9000 പേരെ മാറ്റിപ്പാര്‍പ്പിച്ചു. താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളക്കെട്ടിലായി. 66 ഗ്രാമങ്ങളിൽ പൂർണമായും വൈദ്യുതി തടസ്സപ്പെട്ടു. ഛോട്ടാഉദ്ദേപൂർ, നവ്സാരി, നൽസാദ് എന്നിവിടങ്ങളിൽ നിന്ന് 3200 പേരെ ഒഴിപ്പിച്ചു. ദോസ്വാദ അണക്കെട്ട് നിറഞ്ഞു കവിഞ്ഞു.
നവസാരിയിൽ വീടുകൾ വെള്ളത്തിനടിയിലാണ്.
അടുത്ത അഞ്ചു ദിവസം പല ജില്ലകളിലും അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
അഹമ്മദാബാദ് നഗരത്തിൽ ഞായറാഴ്ച രാത്രി 219 മില്ലിമീറ്റർ മഴ പെയ്തു. പല ജനവാസ മേഖലകളിലും വെള്ളം കെട്ടിനിൽക്കുകയാണ്. അടിപ്പാതകളിലും റോഡുകളിലും വെള്ളം കയറി. ജനങ്ങളോട് ജാഗ്രത പാലിക്കണമെന്നും ആശങ്കവേണ്ടെന്നും സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യാൻ കേന്ദ്രം സന്നദ്ധമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തരമന്ത്രി അമിത് ഷായും ഉറപ്പ് നല്കി.
സംസ്ഥാന ദുരന്ത നിവാരണ സേനയെയും ദേശീയ ദുരന്ത നിവാരണ സേനയെയും രക്ഷാപ്രവര്‍ത്തനത്തിനായി നിയോഗിച്ചു. അംബിക നദിയുടെ തീരത്ത് കുടുങ്ങിയ 16 പേരെ എയര്‍ ലിഫ്റ്റ് ചെയ്തു. മഴക്കെടുതി രൂക്ഷമായ പ്രദേശങ്ങളിൽ പ്രത്യേക സംഘത്തിന്റെ സേവനം ഉറപ്പാക്കുമെന്നും കേന്ദ്രം വിശദീകരിച്ചു.
Content Highlight: Gujarat Rain, Gujarat Flood