കര്‍ണാടക പ്രതിസന്ധി പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടല്‍; അന്തിമ തീരുമാനം രണ്ടു ദിവസത്തിനകം
മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കര്‍ണാടക കോണ്‍ഗ്രസില്‍ തുടരുന്ന പ്രതിസന്ധി പരിഹരിക്കാന്‍ നിര്‍ണായക ഇടപെടലുമായി ഹൈക്കമാന്‍ഡ്. മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെയും ചര്‍ച്ചയ്ക്കായി ഡല്‍ഹിക്ക് വിളിപ്പിച്ചു. നാളെയോ മറ്റന്നാളോ ആയിരിക്കും ഇരുനേതാക്കളുമായുള്ള കൂടിക്കാഴ്ചയെന്നാണ് വിവരം.
രണ്ടുദിവസത്തിനുള്ളില്‍ പ്രശ്നത്തിന് പരിഹാരമാകുമെന്ന് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. മുതിര്‍ന്ന നേതാക്കളായ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും താനും ഒരുമേശയ്ക്ക് ചുറ്റുമിരുന്ന് പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിദ്ധരാമയ്യയെ മാറ്റി ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം ഹൈക്കമാന്‍ഡ് കൈകൊണ്ടാല്‍ കോണ്‍ഗ്രസിന് വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റരുതെന്ന് ന്യൂനപക്ഷ, പിന്നാക്ക, ദളിത് സമുദായ സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഉപമുഖ്യമന്ത്രിയായ ഡികെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് വൊക്കാലിഗ സമുദായവും രംഗത്തെത്തി. ശിവകുമാറിന് നീതിനിഷേധിക്കപ്പെട്ടാല്‍ അതിന് വലിയ വില നല്‍കേണ്ടിവരുമെന്ന് വൈക്കാലിഗ നേതാക്കള്‍ മുന്നറിയിപ്പ് നല്കി.












