ട്രംപിനെ അവഗണിച്ച് കൊണ്ട് ഇന്ത്യക്കുള്ള എണ്ണവില വീണ്ടും കുറച്ച് പുടിൻ; ഇന്ത്യയും റഷ്യയും തമ്മിലുള്ള ആയുധ ഇടപാടും പുരോഗമിക്കുന്നു

അമേരിക്കയുടെ ഭീഷണി കാറ്റിൽ പറത്തിക്കൊണ്ട്, ഇന്ത്യയിലേക്ക് കയറ്റുമതിചെയ്യുന്ന ക്രൂഡ് ഓയിലിന്റെ വിലയില്‍ കൂടുതല്‍ വിലക്കുറവ് നൽകിയിരിക്കുകയാണ് റഷ്യ. ബാരലിന് മൂന്നുഡോളര്‍ മുതല്‍ നാലുഡോളര്‍ വരെ വിലക്കിഴിവാണ് വീണ്ടും നല്‍കുന്നത്. റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് അമേരിക്ക ഇന്ത്യക്കുമേൽ ഉയര്‍ന്ന താരിഫ് ചുമത്തുന്നതിനിടെയാണ് ഈ വിലക്കിഴിവെന്നത് ശ്രദ്ധേയമാണ്.
സെപ്റ്റംബര്‍ മാസം അവസാനവും ഒക്ടോബറിലും കയറ്റുമതി ചെയ്യാന്‍ നിശ്ചയിച്ചിട്ടുള്ള യുരാള്‍സ് ഗ്രേഡില്‍പെട്ട ക്രൂഡ് ഓയിലിന് ഇതിനകം തന്നെ വിലക്കിഴിവ് നിശ്ചയിച്ചുകഴിഞ്ഞു. ജൂലൈമാസത്തില്‍ ബാരലൊന്നിന് നല്‍കിയിരുന്ന ഒരു ഡോളര്‍ വിലക്കിഴിവ്, കഴിഞ്ഞയാഴ്ചയോടെ രണ്ടര ഡോളറായി വർധിപ്പിച്ചിട്ടുണ്ടെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. 2022 മുതലാണ് റഷ്യയില്‍നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയില്‍ വന്‍വര്‍ധനയുണ്ടാകുന്നത്. വെറും ഒരു ശതമാനത്തിനും താഴെനിന്ന്, നാല്‍പ്പതുശതമാനത്തോളം എത്തിനില്‍ക്കുകയാണ് ഈ വളര്‍ച്ച.
5.4 ദശലക്ഷം ബാരല്‍ എണ്ണയാണ് ഇന്ത്യയുടെ പ്രതിദിന ഇറക്കുമതി. 2024-25 ല്‍ ഇറാഖ്, സൗദി അറേബ്യ, യുഎഇ, യുഎസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയെ മറികടന്ന് റഷ്യയിൽനിന്നായിരുന്നു ഇന്ത്യ 36 ശതമാനവും ഇറക്കുമതി ചെയ്തത്.
യുക്രൈനിലെ കൂട്ടക്കൊല നിര്‍ത്താന്‍ എല്ലാവരും ആവശ്യപ്പെടുന്ന സാഹചര്യത്തില്‍പ്പോലും റഷ്യയില്‍നിന്ന് ഇന്ത്യ കൂടുതല്‍ ഇന്ധനം വാങ്ങിക്കൊണ്ടിരിക്കുന്നുവെന്ന് കുറ്റപ്പെടുത്തിയായിരുന്നു ഇന്ത്യക്കെതിരേ ട്രംപ് തീരുവ ഏ ർപ്പെടുത്തിയത്. 25 ശതമാനം തീരുവയായിരുന്നു ഇന്ത്യക്കെതിരേ ആദ്യം ട്രംപ് പ്രഖ്യാപിച്ചത്. പിനീട് റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിനെതിരായ താക്കീത് അംഗീകരിക്കാൻ ഇന്ത്യ തയ്യാറാവാത്തതിനെ തുടർന്ന് 25 ശതമാനം കൂടി അധികമായി ചുമത്തിയിരുന്നു.
എണ്ണ വാങ്ങൽ കൂടാതെ, ഇന്ത്യയും റഷ്യയും എസ്-400 സർഫസ്-ടു-എയർ മിസൈൽ സംവിധാനങ്ങൾ കൂടുതൽ വിതരണം ചെയ്യുന്നതിനെക്കുറിച്ചും ചർച്ചകൾ നടത്തിവരികയാണ്.
ഇന്ത്യ ഇതിനകം തന്നെ എസ്-400 ഓപ്പറേറ്റ് ചെയ്യുന്നുണ്ട് എന്നും, പുതിയ ഡെലിവറികൾക്കായുള്ള ചർച്ചകൾ നടന്നുവരികയാണെന്നും റഷ്യയുടെ ഫെഡറൽ സർവീസ് ഫോർ മിലിട്ടറി-ടെക്നിക്കൽ കോഓപ്പറേഷൻ മേധാവി ദിമിത്രി ഷുഗയേവ് പറഞ്ഞു.
ചൈനയുടെ വളർന്നുവരുന്ന സൈനിക ശക്തിയെ ചെറുക്കുന്നതിനായി അഞ്ച് S-400 ട്രയംഫ് സിസ്റ്റങ്ങൾക്കായി 2018 ൽ ന്യൂഡൽഹി മോസ്കോയുമായി 5.5 ബില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവച്ചു. കാലതാമസങ്ങൾ നേരിട്ടെങ്കിലും, അവസാന രണ്ട് യൂണിറ്റുകൾ ഇപ്പോൾ 2026 ലും 2027 ലും ഷെഡ്യൂൾ ചെയ്തിട്ടുണ്ട്..
ഫ്രാൻസിൽ നിന്നും ഇസ്രായേലിൽ നിന്നും ആയുധ വാങ്ങലുകൾ ഉണ്ടായിരുന്നിട്ടും, ഇന്ത്യയുടെ ഏറ്റവും വലിയ ആയുധ വിതരണക്കാരായി റഷ്യ തുടരുകയാണ്. 2020 നും 2024 നും ഇടയിൽ, ഇന്ത്യയുടെ ആയുധ ഇറക്കുമതിയുടെ 36 ശതമാനവും റഷ്യയായിരുന്നുവെന്ന് സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നു.
റഷ്യയിൽ നിന്ന് വിഭവങ്ങൾ വാങ്ങുന്നത് നിർത്തണമെന്ന അമേരിക്കയുടെ ആവശ്യങ്ങൾക്ക് ഇന്ത്യ വഴങ്ങുന്നില്ലെന്നും മോസ്കോ അത് അംഗീകരിക്കുന്നു എന്നും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് പറഞ്ഞു.
ഡൊണാൾഡ് ട്രംപ് എന്ന നേതാവിനേയും അമേരിക്ക എന്ന രാജ്യത്തെയും തെല്ലും വക വെക്കാതെയാണ് ഇന്ത്യയുടെ ഇപ്പോളത്തെ നീക്കങ്ങൾ. അധിക താരിഫ് ഏർപ്പെടുത്തിയ ഡൊണാൾഡ് ഒറ്റപ്പെട്ട അവസ്ഥയിലുമാണ്. റഷ്യ, ചൈന എന്നെ രാജ്യങ്ങളുമായി മുമ്പിലാത്ത വിധത്തിൽ അടുക്കുകയാണ് ഇന്ത്യ. ബ്രിക്സ് രാജ്യങ്ങളുടെ കൂട്ടായ്മ കൂടെ ശക്തമാകുമ്പോൾ, അമേരിക്ക ചിത്രത്തിൽ ഇല്ലാതെയാകും എന്ന് തന്നെയാണ് കരുതുന്നത്.