ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം; ഒരുഗ്രാമമൊന്നാകെ ഒലിച്ചുപോയി

ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ വലിയ നാശനഷ്ടങ്ങൾ ഉണ്ടായി. നാലുപേര്‍ മരിച്ചു, 60 പേരെ കാണാതായി. ഘിര് ഗംഗാനദിയിലൂടെ പ്രളയജലം ഒഴുകിയെത്തിയതോടെ ഒരു ഗ്രാമമൊന്നാകെ ഒലിച്ചുപോയിരുന്നു. അതിന്റെ ഭയാനകമായ ദൃശ്യങ്ങളും പുറത്തുവന്നു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഉത്തരകാശിയിലെ ധരാലി ഗ്രാമത്തെയാണ് മിന്നല്‍പ്രളയം തകര്‍ത്തുകളച്ചത്. ഒട്ടേറെ വീടകുളും കെട്ടിടങ്ങളും ഒലിച്ചുപോയി. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. 60 പേരെ കാണാതായെന്നാണ് പ്രാഥമിക വിവരം. കേന്ദ്ര ദുരന്തനിവാരണ സേന ഉള്‍പ്പടെ സ്ഥലത്ത് എത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സംസ്ഥാനത്ത് ശക്തമായ മഴയാണ്.
നദിക്കരയില്‍നിന്ന് ഒഴിഞ്ഞുനില്ക്കാന് ഉത്തരകാശി പൊലീസ് ജനങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഹര്‍സില്‍ മേഖലയിലെ ഖീര്‍ ഗാഡിലെ ജലനിരപ്പ് അപകടകരമായി ഉയര്‍ന്നുവെന്നും ധാരാലി മേഖലയില്‍ നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പൊലീസ് എക്സിലെ കുറിപ്പിലൂടെ അറിയിച്ചു.