അന്തർദേശീയ ബഹിരാകാശ നിലയത്തിൽ നിന്ന് ഇന്ത്യക്കൊരു ആശംസാ സന്ദേശം
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന രാജ്യത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് മാത്രമല്ല അങ്ങ് ബഹിരാകാശത്ത് നിന്നും ആശംസാ സന്ദേശം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള ബഹിരാകാശ യാത്രിക സാമന്താ ക്രിസ്റ്റോഫോറെറ്റിയാണ് ഇന്ത്യയ്ക്ക് ആശംസാ സന്ദേശമയച്ചത്.
ഇന്ത്യയെ അഭിനന്ദിക്കുന്നതില്‍ അതീവ സന്തോഷമുണ്ടെന്ന് വീഡിയോ സന്ദേശത്തില്‍ പറഞ്ഞ അവര്‍ പതിറ്റാണ്ടുകളായി ഐഎസ്ആര്‍ഒയുമായി നിരവധി ദൗത്യങ്ങളില്‍ രാജ്യാന്തര ഏജന്‍സികള്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നകാര്യം എടുത്തുപറഞ്ഞു.
വരാനിരിക്കുന്ന NISAR എര്‍ത്ത് സയന്‍സ് മിഷനിലും സഹകരണം തുടരും. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള പഠനത്തിനും പ്രകൃതിദുരന്തങ്ങള്‍ പ്രവചിക്കുന്നതിനും ഉപകരിക്കുന്നതാണ് ദൗത്യമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ ഗഗന്യാന് ദൗത്യത്തേയും അവര്‍ വീഡിയോ സന്ദേശത്തില്‍ പ്രശംസിച്ചു. നാസയ്ക്കും യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി അടക്കമുള്ള എല്ലാ ഏജന്‍സികള്‍ക്കുംവേണ്ടി ഇന്ത്യയുടെ ഗഗന്യാന് ദൗത്യത്തിന് എല്ലാ ആശംസകളും നേരുന്നുവെന്ന് അവര്‍ പറഞ്ഞു.
Content Highlights: Independence day wishes from International space Station