വെസ്റ്റിൻഡീസ് ഏകദിന പരമ്പര; ശിഖർ ധവാൻ നയിക്കും, സഞ്ജു വി സാംസൺ ടീമിൽ
വെസ്റ്റ്ഡീസിനെതിരായ എകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഒരു ഇടവേളക്ക് ശേഷം മലയാളി താരം സഞ്ജു വി. സാംസൺ വീണ്ടും ഏകദിന ടീമിലെത്തി. ജൂലൈ 22 മുതൽ 27 വരെ നടക്കുന്ന ഏകദിന പരമ്പര ടീമിലേക്കാണ് സഞ്ജുവിന് വിളിയെത്തിയത്. യുവനിരയ്ക്ക് പ്രാധാന്യം നൽകി കൊണ്ടുള്ള ടീമിനെ ശിഖർ ധവാനാണ് നയിക്കുക. രവീന്ദ്ര ജഡേജയാണ് വൈസ് ക്യാപ്റ്റൻ. രോഹിത് ശർമയടക്കമുള്ള സീനിയർ താരങ്ങൾക്ക് വിശ്രമം നൽകിയപ്പോൾ റിതുരാജ് ഗെയ്ക്ക്വാാദിനും സൂര്യ കുമാർ യാദവിനും ടീമിൽ ഇടം ലഭിച്ചു. മൂന്ന് എകദിന മത്സരങ്ങളും മൂന്ന് ട്വന്റി-20 മത്സരങ്ങളുമാണ് ഇന്ത്യൻ ടീം വെസ്റ്റ്ഡീസിൽ കളിക്കുക.
2021 ജൂലൈ 23ന് ശ്രീലങ്കക്കെതിരെ കൊളംബോയിൽ നടന്ന മത്സരമാണ് സഞ്ജു കളിച്ച ആദ്യത്തെയും അവസാനത്തെയും ഏകദിന മത്സരം. അന്ന് താരം 46 റൺസ് നേടിയിരുന്നു. പിന്നീട് ഏകദിനത്തിൽ അവസരം കിട്ടിയിരുന്നില്ല.
ക്വീൻസ് പാർക്ക് ഓവൽ, പോർട്ട് ഓഫ് സ്പെയിൻ, ട്രിനിഡാഡ് എന്നിവിടങ്ങളിൽ നടക്കുന്ന ഏകദിന മത്സരങ്ങളിലേക്കുള്ള ടീമിനെയാണ് ആൾ ഇന്ത്യ സീനിയർ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചത്. ഇംഗ്ലണ്ടിനെതിരായ ടി-20 ടീം പ്രഖ്യാപനത്തിന് ശേഷം സെലക്ടർമാരെ രൂക്ഷമായി വിമർശിച്ച് സമൂഹമാധ്യമങ്ങളിൽ നിറയെ വാർത്ത വന്നിരുന്നു. സഞ്ജു സാംസണെ ടി-20 പരമ്പരയിലെ രണ്ടും മൂന്നും മത്സരങ്ങളിൽ നിന്ന് തഴഞ്ഞതിനെതിരെയായിരുന്നു ആരാധകരുടെ വിമർശനം. അയർലന്റിനെതിരായ രണ്ടാം മത്സരത്തിൽ അവസരം ലഭിച്ച സഞ്ജു അർധ സെഞ്ച്വറിയുമായി തകർപ്പൻ പ്രകടനം കാഴ്ച്ച വച്ചിരുന്നു.
വിരാട് കോഹ്ലി അടക്കമുള്ള സീനിയർ താരങ്ങൾ മടങ്ങിയെത്തുന്നതിനാലാണ് സഞ്ജുവിന് അവസരം നഷ്ടമായിരുന്നത്. ബി സി സി ഐ സഞ്ജു വി സാംസണോട് കാണിക്കുന്നത് നീതിയല്ലെന്ന് പരക്കെ ആക്ഷേപം ഉയർന്നിരുന്നു.
Content Highlights: India West Indies one day match Sikar Dhawan and Sanju V Samson