നിയമവ്യവസ്ഥയിൽ ഇടപെടേണ്ടതില്ലെന്ന് യു എന്നിനോട് ഇന്ത്യ; പ്രതികരണം ടീസ്തയുടെ അറസ്റ്റിൽ
മനുഷ്യാവകാശ പ്രവർത്തകയായ ടീസ്റ്റ സെതൽവാദിന്റെ അറസ്റ്റിൽ പ്രതികരിച്ച യു എൻ മനുഷ്യാവകാശ കൗൺസിലിനെതിരെ ഇന്ത്യ, വിഷയത്തിൽ കൗൺസിൽ നടത്തിയ പരാമർശങ്ങൾ രാജ്യത്തിന് അംഗീക്കാനാവാത്തതാണ് ഇന്ത്യയുടെ നിയമ വ്യവസ്ഥയിൽ യു എൻ ഇടപെടരുതെന്നും അധികൃതർ ചൂണ്ടിക്കാട്ടി. മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഇന്ത്യ ഉത്തരം പറയേണ്ടിവരുമെന്നായിരുന്നു യു എൻ മനുഷ്യാവകാശ കൗൺസിൽ പ്രതികരിച്ചത്. ടീസ്റ്റയുടെയും മുഹമ്മദ് സുബൈറിന്റെയും അറസ്റ്റിലായിരുന്നു യു എന്നിന്റെ പ്രതികരണം. ടീസ്റ്റയെ ഉടൻ വിട്ടയക്കണമെന്നും വാർത്തയുടെ പേരിൽ മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നത് ശരിയല്ലെന്നും യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു.
2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ രേഖ ചമച്ചുവെന്ന് ആരോപിച്ചാണ് ഇരകൾക്കായി പ്രവർത്തിച്ച ടീസ്റ്റ സെതൽവാദിനെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. സുബൈറിനെ വർഷങ്ങൾക്ക് മുമ്പുള്ള ട്വീറ്റിന്റെ പേരിലുമാണ് അറസ്റ്റ് ചെയ്തത്. ഒരു സിനിമയിൽ നിന്നുള്ള ദൃശ്യം പങ്കുവെച്ചതിന് മതവികാരം വൃണപ്പെടുത്തിയെന്ന് കാണിച്ചായിരുന്നു അറസ്റ്റ്. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് വ്യാജരേഖകൾ ചമച്ചൂ എന്ന കേസിൽ കൂടുതൽ ആളുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു.
അറസ്റ്റിലായ ടീസ്റ്റ സെതൽവാദിനെയും ആർ ബി ശ്രീകുമാറിനെയും ജൂലൈ രണ്ട് വരെ റിമാന്റ് ചെയ്തിരിക്കുകയാണ്. രണ്ടുപേരുടെയും ചോദ്യം ചെയ്യൽ തുടരുകയാണ്. അതേ സമയം സാകിയ ജാഫ്രിയുടെ ഹരജിയിൽ സുപ്രീം കോടതി നിലപാട് നിരാശാജനകമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. കോൺഗ്രസ് ഇഹ്സാൻ ജഫ്രിക്കൊപ്പമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടീസ്റ്റയെയും ആർ ബി ശ്രീകുമാറിനെയും ഉടൻ വിട്ടയക്കണമെന്നാവശ്യപ്പെട്ട് 2,250 പ്രമുഖർ ചേർന്ന് സംയുക്ത പ്രസ്താവനയിറക്കി. കോടതി വിധി പുനപ്പരിശോധിക്കണമെന്നും ആവശ്യമുണ്ട്. അരുണ റോയ്, ശബാന ആസ്മി, ആകാർ പട്ടേൽ, അഡ്മിറൽ രാംദാസ്, സയ്യിദ ഹമീദ്, രൂപർഖ വർമ,സന്ദീപ് പാണ്ഡെ, മല്ലിക സാരാഭായ് എന്നിവർ പ്രസ്താവനയിൽ ഒപ്പുവെച്ചവരാണ്.
Content Highlight: Teesta Setalvad, India, United Nations