ജനതാദള്‍-എസ് പിളര്‍ന്നു; സികെ നാണുവിനെ പാര്‍ടി ദേശീയ അധ്യക്ഷനായി ഒരു വിഭാഗം തിരഞ്ഞെടുത്തു
ജനതാദള്‍-എസ് (ജെ ഡി എസ്) പിളര്‍ന്നു. സികെ നാണുവിനെ പാര്‍ടി ദേശീയ അധ്യക്ഷനായി ഒരു വിഭാഗം തിരഞ്ഞെടുത്തു.ദേവെഗൗഡയെയും മകനും പാര്‍ടി കര്‍ണാടക അധ്യക്ഷനുമായ എച് ഡി കുമാരസ്വാമിയെയും പുറത്താക്കിയതായും നാണുപക്ഷം അറിയിച്ചു.
ബംഗ്ലൂരുവില്‍ തിങ്കളാഴ്ച ചേര്‍ന്ന ജെ ഡി എസ് പ്ലീനറി കമിറ്റിയാണ് നിലവിലെ ദേശീയ അധ്യക്ഷന്‍ എച് ഡി ദേവെഗൗഡക്കു പകരം നാണുവിനെ പാര്‍ടിയുടെ പുതിയ അധ്യക്ഷനായി തിരഞ്ഞെടുത്തത്. ദേശീയ, സംസ്ഥാന കമിറ്റികളെ തിരഞ്ഞെടുക്കുന്നതിനുള്ള ചുമതല നാണുവിന് നല്കി. നാണുവിനെ ദേശീയ അധ്യക്ഷനായി തിരഞ്ഞെടുത്തതടക്കമുള്ള മൂന്നു പ്രധാന പ്രമേയങ്ങള്‍ ബംഗ്ലൂരുവില്‍ ചേര്‍ന്ന യോഗം പാസാക്കി. കേരളത്തില്‍ നിന്നുള്ള ഒരുവിഭാഗം നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.
എല്ലാ സംസ്ഥാനങ്ങളിലും പുതിയ കമിറ്റികള്‍ നിലവില്‍ വരും. ദേശീയതലത്തില്‍ സോഷ്യലിസ്റ്റ് കൂട്ടായ്മയാണ് ഇവര്‍ ലക്ഷ്യമിടുന്നത്. ദേശീയതലത്തില്‍ സോഷ്യലിസ്റ്റ് പാര്‍ടികളുമായി സഹകരിക്കുന്നതിനുള്ള ചര്‍ചകള്‍ സിഎം ഇബ്രാഹിമിന്റെ നേതൃത്വത്തില്‍ നടക്കും.