സര്‍ക്കാര്‍ ആര്‍എസ്എസിന്റെയോ വിഎച്ച്പിയുടെയോ അല്ല; ശ്രീരാമസേന അധ്യക്ഷനെതിരേ കര്‍ണാടക ബിജെപി നേതാവ്

ശ്രീരാമസേന അധ്യക്ഷന്‍ പ്രമോദ് മുത്തലിക്കിനെതിരെ ആഞ്ഞടിച്ച് കര്‍ണാടകയിലെ മുതിര്‍ന്ന ബിജെപി നേതാവ് എ.എച്ച്.വിശ്വനാഥ്. സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തിലുള്ള പ്രമോദ് മുത്തലിക്കിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച എം.എല്‍.സി (MLC) കൂടെയായ വിശ്വനാഥ്, കര്‍ണാടക സര്‍ക്കാര്‍ ആര്‍എസ്എസിന്റെയോ വിഎച്ച്പിയുടെയോ അല്ലെന്ന് ഒര്മിപ്പിച്ചു. മൈസൂരുവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു മുന്‍ കോണ്‍ഗ്രസ് നേതാവ് കൂടെയായ എ.എച്ച്.വിശ്വനാഥിന്റെ പ്രതികരണം.
”സര്‍ക്കാരിനു മുന്നില്‍ നിബന്ധനകള്‍ വെയ്ക്കാനും വര്‍ഗീയപരമായ പ്രസ്താവനകള്‍ പറയാനും ആരാണീ മുത്തലിക്ക്? ഇത്തരക്കാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി എടുക്കാത്തത് കഷ്ട്ടമാണ്. അത് ഇത്തരക്കാര്‍ക്ക് തെറ്റായ സന്ദേശം നല്‍കും. സര്‍ക്കാര്‍ ആര്‍എസ്എസിന്റെയോ വിഎച്ച്പിയുടെയോ അല്ലെ.” വിശ്വനാഥ് തിങ്കളാഴ്ച്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മുസ്ലിം വ്യാപാരികള്‍ ക്ഷേത്രോത്സവങ്ങളില്‍ പങ്കെടുക്കുന്നത് വിലക്കാനുള്ള ആഹ്വാനത്തിനെതിരെ വലതുപക്ഷ സംഘടനകളെ വിശ്വനാഥ് നേരത്തെ വിമര്‍ശിച്ചിരുന്നു. വിഎച്ച്പി, ഹിന്ദു ജാഗരണാ വേദി, ബജറംഗ് ദള്‍, ശ്രീരാമസേന എന്നീ സംഘടനകളുടെ ആവിശ്യത്തെ ശക്തമായി എതിര്‍ക്കുകയും ചെയ്തിരുന്നു.

2002ല്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന നിയമമാണ് അഹിന്ദുക്കള്‍ക്ക് ക്ഷേത്രപരിസരത്ത് കടകള്‍ നടത്തുന്നതിന് തടസം സൃഷ്ട്ടിക്കുന്നതെന്ന വാദമാണ് ബിജെപി സര്‍ക്കാറിന്റെത്. എന്നാല്‍ ഇതെല്ലാം ഭ്രാന്തവും ജനാധിപത്യ വിരുദ്ധവുമാണെന്ന് വിശ്വനാഥ് പറയുന്നു.
”ഇംഗ്ലണ്ടില്‍ എത്ര ഇന്ത്യക്കാരുണ്ട്? ലോകമെമ്പാടും എത്ര ഇന്ത്യക്കാരുണ്ട്? മുസ്ലീം രാജ്യങ്ങളില്‍ എത്ര ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നു? ഈ രാജ്യങ്ങള്‍ നമുക്കെതിരെ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചാല്‍, ഇതെല്ലാം എവിടെ ചെന്ന് അവസാനിക്കും? ഇന്ത്യ-പാകിസ്താന് വിഭജനം നടന്നപ്പോള്‍ ഇന്ത്യയിലെ മുസ്ലീങ്ങള്‍ ഇന്ത്യയില്‍ ജീവിക്കാന്‍ തിരഞ്ഞെടുത്തു. നമ്മള് ഇതിനെക്കുറിച്ച് ചിന്തിക്കണം. അവര്‍ ഇന്ത്യക്കാരാകാന്‍ ഇവിടെ തുടര്‍ന്നു. അവര്‍ ഇന്ത്യക്കാരാണ്, മറ്റേതെങ്കിലും രാജ്യക്കാരല്ല…”
വിശ്വനാഥ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
മുന്‍ കോണ്‍ഗ്രസ് മന്ത്രിയും ജെഡി(എസ്)ന്റെ മുന്‍ സംസ്ഥാന അധ്യക്ഷനുമാണ് എ.എച്ച്.വിശ്വനാഥ്. മുതിര്‍ന്ന ഓബിസി നേതാവ് കൂടെയായ വിശ്വനാഥ് 2019ല്‍ ആണ് ബിജെപിയില്‍ ചേര്‍ന്ന് പാര്‍ട്ടിയേയും ബി.എസ്.യെഡിയൂരപ്പയെയും കര്‍ണാടകത്തില്‍ അധികാരത്തിലേറാന്‍ സഹായിച്ചത്.
Content Highlight: The government does not belong to the RSS or the VHP; BJP MLC hits out at Sri Rama Sene chief.