തെലുങ്ക് സിനിമയിലെ ‘റിബല്‍ സ്റ്റാര്‍’ കൃഷ്ണം രാജു അന്തരിച്ചു
തെലുങ്ക് സിനിമയിലെ മുതിര്‍ന്ന താരവും റിബല്‍ സ്റ്റാര്‍ എന്ന് അറിയപ്പെട്ടിരുന്ന നടനുമായിരുന്ന കൃഷ്ണം രാജു അന്തരിച്ചു. ബിജെപി നേതാവും വാജ്പേയി മന്ത്രിസഭയില്‍ സഹമന്ത്രിയുമായിരുന്ന അദ്ദേഹം പ്രഭാസിന്റെ പിതൃസഹോദരനും കൂടിയാണ്. പ്രഭാസ് നായകനായ രാധേശ്യാമിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 83 വയസായിരുന്നു.
മാധ്യമപ്രവര്‍ത്തകനായിരിക്കെ 1966ലാണ് കൃഷ്ണം രാജു സിനിമയില്‍ അരങ്ങേറിയത്. വില്ലന്‍ വേഷങ്ങളില്‍ ആരംഭിച്ച് പിന്നീട് തെലുങ്കിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളായി മാറി. ഭക്ത കണ്ണപ്പ, കടാക്ടല രുദ്രയ്യ, ജീവന തരംഗലു, കൃഷ്ണവേണി, സീതാരാമുലു തുടങ്ങിയവയാണ് ഏറെ ശ്രദ്ധേയമായ ചിത്രങ്ങള്‍. റിബല്‍ എന്ന ചിത്രത്തിലും പ്രഭാസിനൊപ്പം വേഷമിട്ടിട്ടുണ്ട്.
വെസ്റ്റ് ഗോദാവരി ജില്ലയിലെ മൊഗള്ത്തൂരില് നിന്നാണ് കൃഷ്ണം രാജു പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2000 മുതല്‍ 2004 വരെ വിവിധ വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രിയായിരുന്നു. പിന്നീട് 2009ല്‍ ചിരഞ്ജീവിയുടെ പ്രജാരാജ്യം പാര്‍ട്ടിയില്‍ ചേര്‍ന്ന കൃഷ്ണം രാജു അതേ വര്‍ഷം രാജമുന്ദ്രിയില്‍ നിന്ന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
കൃഷ്ണം രാജുവിന്റെ മരണത്തില്‍ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും അനുശോചനം അറിയിച്ചു.