ലഡാക്ക് സംഘർഷം; പ്രതിഷേധക്കാരുമായി കേന്ദ്രത്തിന്റെ സമവായ ചർച്ച ഇന്ന്

ലഡാക്ക് സംഘർഷത്തിൽ പ്രതിഷേധക്കാരുമായി കേന്ദ്ര സർക്കാർ ഇന്ന് ചർച്ച നടത്തും. ലഡാക്ക് അപ്പക്സ് ബോഡി, കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് എന്നീ സംഘടനകളുമായി ആഭ്യന്തര മന്ത്രാലയ പ്രതിനിധികളാണ് ഇന്ന് ചർച്ച നടത്തുന്നത്. ഇത് പ്രാരംഭ ചർച്ചയാണെന്നും, ഇനി തുടർ ഘട്ടങ്ങളുണ്ടാകുമെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ സൂചന നൽകി.
ലഡാക്കിനു സംസ്ഥാന പദവി, സ്വയംഭരണാവകാശം തുടങ്ങിയ വിഷയങ്ങളിലാണ് ചർച്ചയെങ്കിലും ഇക്കാര്യത്തിൽ ഉടനടിയൊരു തീരുമാനം കേന്ദ്രം എടുക്കില്ല. സംവരണ പരിധി ഉയർത്തുന്നതടക്കമുള്ള നിർദ്ദേശങ്ങൾ കേന്ദ്രം മുന്നോട്ടു വയ്ക്കാൻ സാധ്യതയുണ്ട്. പിന്നാക്ക സംവരണ പരിധി ഉയർത്താനും സർക്കാർ ജോലികളിൽ തസ്തിക കൂട്ടാനും തയ്യാറാണെന്നും കേന്ദ്രം അറിയിച്ചേക്കും.
അതിനിടെ സംഘർഷ സാധ്യത മുൻനിർത്തി മേഖലയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്. ആളുകൾ കൂട്ടം ചേരുന്നതിനു വിലക്കുണ്ട്. ഇന്റർനെറ്റ് വിലക്ക് തുടരും. കൂടുതൽ സുരക്ഷാ സേനയേയും വിന്യസിച്ചിട്ടുണ്ട്.