ഭാഭ ആണവ ഗവേഷണകേന്ദ്രം കുഴിക്കാനുള്ള പട്ടികയിൽ ഇല്ലാതിരിക്കട്ടെ; ഗ്യാൻവാപി വിഷയത്തിൽ ട്രോളുമായി മഹുവ മൊയിത്ര
വാരണാസിയിലെ ഗ്യാൻവാപി മുസ്ലീം പള്ളിയിൽ നിന്നും ശിവലിംഗം കണ്ടെടുത്തെന്ന അവകാശവാദത്തെ ട്വിറ്ററിലൂടെ വ്യംഗ്യമായി പരിഹസിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയിത്ര. ശിവലിംഗത്തോട് സാമ്യമുള്ള മുംബൈയിലെ ഭാഭ അറ്റോമിക് റിസർച്ച് സെൻ്ററിൻ്റെ ചിത്രം പങ്കുവെച്ചായിരുന്നു ട്വിറ്ററിലൂടെ മഹുവയുടെ പരിഹാസം.
“കുഴിക്കാനുള്ള അടുത്ത പട്ടികയിൽ ഭാഭ ആറ്റോമിക് റിസർച്ച് സെൻ്റർ ഇല്ലാതിരിക്കട്ടെ” എന്നായിരുന്നു അവർ ട്വിറ്ററിൽ കുറിച്ചത്. ട്വീറ്റിന് താഴെ ബിജെപി അനുഭാവികളും ബിജെപി വിരുദ്ധരും വിവിധതരം കമൻ്റുകളുമായി എത്തിയിട്ടുണ്ട്.
വാരണാസിയിലെ ഗ്യാൻവാപി മുസ്ലീം പള്ളിയിലെ സർവ്വേയ്ക്കിടെ ശിവലിംഗം കണ്ടെത്തിയെന്ന അവകാശവാദത്തെത്തുടർന്ന് പള്ളിയിലെ വിശ്വാസികൾ ദേഹശുദ്ധി വരുത്താനുപയോഗിക്കുന്ന കുളം സീൽ ചെയ്യാൻ വാരണാസി മജിസ്ട്രേറ്റ് കോടതി തിങ്കളാഴ്ച ഉത്തരവിട്ടിരുന്നു. എന്നാൽ ഈ ഉത്തരവ് നടപ്പാക്കുമ്പോൾ പള്ളിയിലെത്തുന്ന വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യം തടസപ്പെടുത്തരുതെന്ന് സുപ്രീം കോടതിയുടെ നിർദ്ദേശമുണ്ട്.
അതേസമയം സർവ്വേയിൽ കണ്ടെത്തിയത് ശിവലിംഗമല്ലെന്നും കുളത്തിലെ ഫൗണ്ടനിൽ വെള്ളം പമ്പ് ചെയ്യുന്ന പമ്പ് ഘടിപ്പിച്ചിരിക്കുന്ന കോൺക്രീറ്റ് നിർമ്മിതിയാണെന്നും പള്ളി അധികാരികൾ പറയുന്നു.
ഗ്യാന്‍വാപി പള്ളിയില്‍ സര്‍വേ നടത്താന്‍ അലഹാബാദ് ഹൈക്കോടതിയാണ് അനുമതി നല്‍കിയത്. ഗ്യാന്‍ വാപി പള്ളിയുടെ പടിഞ്ഞാറന്‍ മതിലിനോടു ചേര്‍ന്നുള്ള ശൃംഗര്‍ ഗൗരിക്ഷേത്രത്തില്‍ നിത്യാരാധന അനുവദിക്കണമെന്നാവശ്യപ്പെട്ട് അഞ്ച് ഹിന്ദു സ്ത്രീകള്‍ നല്കിയ ഹര്‍ജിയിലാണ് സര്‍വേക്കും വീഡിയോചിത്രീകരണത്തിനും വാരാണസി കോടതി അനുമതി നല്‍കിയത്.
Content Highlight: TMC MP Mahua Moitra Mocks Gyanvapi findings with a picture of BARC