ജയ്പുരിലെ എസ്എംഎസ് ആശുപത്രിയിൽ വൻ തീപിടിത്തം; ഐസിയുവിലെ 6 രോഗികൾ മരിച്ചു

രാജസ്ഥാനിലെ ജയ്പുരിലെ സവായ് മാൻ സിങ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ആറ് രോഗികൾ മരിച്ചു. ട്രോമ സെന്ററിന്റെ ന്യൂറോ ഐസിയു വാർഡിലെ രണ്ടാം നിലയിലുള്ള സ്റ്റോർ റൂമിൽ പുലർച്ചെ 1.30 ഓടെയാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണം. അഞ്ച് രോഗികളുടെ നില അതീവ ഗുരുതരമായി തുടരുന്നു. 4 പുരുഷൻമാരും 2 സ്ത്രീകളുമാണ് മരിച്ചത്.
തീപിടിത്തമുണ്ടായതിനു പിന്നാലെ രോഗികളെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി. ഐസിയുവിലുണ്ടായിരുന്ന പേപ്പർ ഫയലുകൾ, മെഡിക്കൽ ഉപകരണങ്ങൾ, രക്ത സാമ്പിൾ ട്യൂബുകൾ എന്നിവയുൾപ്പെടെ നിരവധി വസ്തുക്കൾ കത്തി നശിച്ചു.
സ്റ്റോർ റൂമിലാണ് തീപിടിത്തമുണ്ടായത്. അതിവേഗത്തിൽ തീ പടർന്നതും, വിഷ വാതകങ്ങൾ പുറത്തു വന്നതും കാര്യങ്ങൾ വഷളാക്കി. രോഗികളെ ഉടനെ തന്നെ മാറ്റാനുള്ള ശ്രമങ്ങൾ ജീവനക്കാർ നടത്തി. മരിച്ച ആറ് പേരും ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കുന്നവരാണ്. സിപിആർ അടക്കമുള്ള പ്രാഥമിക ശുശ്രൂഷ നൽകി രക്ഷിക്കാൻ ശ്രമിച്ചിട്ടും കഴിഞ്ഞില്ലെന്ന് ആശുപത്രി അധികൃതർ പറയുന്നു.