ഞാൻ ശാസ്ത്രത്തിൽ വിശ്വസിക്കുന്നു; അന്ധവിശ്വാസികൾക്ക് വികസനത്തിന് വേണ്ടി ഒന്നും ചെയ്യാൻ കഴിയില്ല
താൻ ശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലുമാണ് വിശ്വസിക്കുന്നതെന്നും അന്ധവിശ്വാസികൾക്ക് വികസനത്തിന് വേണ്ടി ഒന്നും ചെയ്യാൻ കഴിയില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൈദരബാദിലെ ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസിൻ്റെ ഇരുപതാം വാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മോദി.
തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനെതിരായ ഒളിയമ്പായിരുന്നു മോദിയുടെ അന്ധവിശ്വാസ പ്രയോഗം. മുഖ്യമന്ത്രിയായി ചുമതലയേറ്റയുടൻ മതപരമായ ചടങ്ങുകൾ നടത്തിയും വാസ്തു ശരിയല്ലാത്തതിനാൽ ഔദ്യോഗികവസതി മാറിയും ചന്ദ്രശേഖര റാവു വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
“ഞാൻ ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലുമാണ് വിശ്വസിക്കുന്നത്. സന്യാസിയായിട്ടുപോലും അന്ധവിശ്വാസങ്ങളിൽ വിശ്വസിക്കാത്ത യോഗി ആദിത്യനാഥിനെ ഞാൻ അഭിനന്ദിക്കുകയാണ്. തെലങ്കാനയെ ഇത്തരം അന്ധവിശ്വാസികളിൽ നിന്നും രക്ഷിക്കണം,” മോദി പറഞ്ഞു.
ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും അവർ അന്ധമായ വിശ്വാസങ്ങളുടെ അടിമകളായിരിക്കുന്നു. അവർക്ക് ആരെയും അപകടത്തിലാക്കാൻ കഴിയും. തെലങ്കാനയ്ക്ക് വേണ്ടത് പുരോഗമനപരവും സത്യസന്ധവുമായ ഒരു സർക്കാരാണ്. ബിജെപിയ്ക്ക് മാത്രമേ അത് നൽകാൻ ക്ഴിയുകയുള്ളൂവെന്നും മോദി പറഞ്ഞു.
ഗുജറാത്തിൽ ഒരു പ്രത്യേക നഗരം സന്ദർശിക്കുന്ന മുഖ്യമന്ത്രിമാർക്ക് അധികാരം നഷ്ടപ്പെടും എന്നൊരു അന്ധവിശ്വാസം പ്രചാരത്തിലുണ്ടായിരുന്നു. എന്നാൽ താൻ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ സ്ഥിരമായി ആ നഗരം സന്ദർശിക്കുമായിരുന്നുവെന്നും താൻ ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലുമാണ് വിശ്വസിക്കുന്നതെന്നും മോദി പറഞ്ഞു.
തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെ ലക്ഷ്യം വെച്ചായിരുന്നു മോദിയുടെ മിക്ക പ്രസ്താവനകളും. പ്രധാനമന്ത്രി ഹൈദരാബാദ് സന്ദർശിക്കുമ്പോൾ മുഖ്യമന്ത്രി ജനതാദൾ എസ് നേതാവ് എച്ച് ഡി കുമാരസ്വാമിയെയും അദ്ദേഹത്തിൻ്റെ പിതാവും മുൻ പ്രധാനമന്ത്രിയുമായ ദേവെ ഗൗഡയെയും സന്ദർശിക്കുന്നതിനായി ബംഗളൂരുവിലേയ്ക്ക് പോകുകയായിരുന്നു.
Content Highlight: “I Believe in Science; We have to save Telangana from superstitious people,” says Narendra Modi