നീതി ആയോഗിന്റെ പുതിയ സി ഇ ഒ ആയി മലയാളിയായ പരമേശ്വരൻ അയ്യർ
നീതി ആയോഗിന്റെ പുതിയ സി ഇ ഒ ആയി മലയാളിയായ മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ പരമേശ്വരൻ അയ്യർ ചുമതലയേൽക്കും. നിലവിലെ സി ഇ ഒ ആയ അമിതാഭ് കാന്തിന്റെ കാലാവധി ഈ മാസം 30 ന് അവസാനിക്കും. 1981 ബാച്ചിലെ യു പി കേഡർ ഐ എ എസ് ഉദ്യോഗസ്ഥനാണ് പരമേശ്വര അയ്യർ.
2009 ൽ സർവീസിൽ നിന്ന് വിരമിച്ച പരമേശ്വര അയ്യരെ 2016 ൽ കേന്ദ്രസർക്കാർ കുടിവെള്ളം- ശുചിത്വ മിഷന്റെ സെക്രട്ടറിയായി നിയമിച്ചു. ദേശീയ സ്വച്ഛ് ഭാരത് പദ്ധതിയുടെ മേൽനോട്ടം ഇദ്ദേഹത്തിന്റെ കീഴിയാലിരുന്നു. ജലവിഭവം, ശുചിത്വം തുടങ്ങിയ മേഖലകളിൽ പുതിയ ആശയങ്ങൾ ആവിഷ്കരിച്ചിട്ടുള്ള അയ്യർ 1998 മുതൽ 2006 വരെ ഐക്യരാഷ്ട്ര സഭയിൽ ജലശുചിത്വ വിദഗ്ധനായി പ്രവർത്തിച്ചിട്ടുണ്ട്.
2020 ൽ കുടിവെള്ള ശുചിത്വ മന്ത്രാലയം സെക്രട്ടറി പദവിയിൽ നിന്ന് ലോകബാങ്കിൽ പ്രവർത്തിക്കാനായി അമേരിക്കയിൽ പോയി. കോഴിക്കോട്ടുകാരനാണെങ്കിലും ശ്രീനഗറിലാണ് പരമേശ്വരൻ അയ്യരുടെ ജനനം. സ്കൂൾ കോളജ് വിദ്യാഭ്യാസം ഡൽഹിയിലായിരുന്നു.
Content Highlights: Niti Ayog CEO Parameswaran Iyyar IAS