കുക്കി വിഭാഗത്തിന്റെ കൂട്ട ശവസംസ്കാരം തടഞ്ഞ് മണിപ്പൂര്‍ ഹൈക്കോടതി
മണിപ്പൂരില്‍ കൊല്ലപ്പെട്ട കുക്കി വിഭാഗത്തിന്റ കൂട്ട ശവസംസ്കാരം മണിപ്പൂര്‍ ഹൈക്കോടതി തടഞ്ഞു. സംസ്കാരം നടത്താന്‍ നിശ്ചയിച്ച സ്ഥലത്ത് തല്‍സ്ഥിതി തുടരണമെന്ന് മണിപ്പൂര്‍ ഹൈക്കോടതി ഉത്തരവിട്ടു. വിഷയത്തില്‍ ഒത്തുതീര്‍പ്പിന് ശ്രമിക്കണമെന്ന് സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്കി. കേന്ദ്രവും സംസ്ഥാനവും വിഷയത്തില്‍ ഇടപെട്ട് പരിഹാരം കണ്ടെത്തണമെന്നും കോടതി ആവശ്യപ്പെട്ടു.
മണിപ്പൂര്‍ കലാപത്തില്‍ കൊല്ലപ്പെട്ട കുക്കി വിഭാഗത്തില്‍പ്പെട്ട 35 പേരുടെ ശവസംസ്കാര ചടങ്ങുകള്‍ ഇന്ന് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. മെയ്തെയ് ഭൂരിപക്ഷപ്രദേശമായ ബിഷ്ണുപുര്‍ ജില്ലയിലാണ് ശവസംസ്കാര ചടങ്ങുകള്‍ തീരുമാനിച്ചിരുന്നത്. ഇതിനെതിരെ മെയ്തെയ് വിഭാഗം രംഗത്തെത്തിയതോടെ പ്രശ്നങ്ങൾ വീണ്ടും രൂപം കൊള്ളുകയായിരുന്നു.
മെയ്തെയ് ഭൂരിപക്ഷപ്രദേശമായ ബിഷ്ണുപുര്‍ ജില്ലയിൽ സംസ്കാരം നടത്തിയാല്‍ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് കോ ഓര്‍ഡിനേറ്റിങ് കമ്മിറ്റി ഓണ്‍ മണിപ്പൂര്‍ ഇന്റഗ്രിറ്റി മുന്നറിയിപ്പു നല്‍കിയിരുന്നു. സംസ്കാരം അനുവദിക്കില്ലെന്ന് മെയ്തെയ് വനിതാ സംഘടനകളും പറഞ്ഞു. പ്രദേശത്ത് പൊലീസിനെയും അസം റൈഫിള്‍സിനെയും വിന്യസിച്ചിട്ടുണ്ട്.