ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: സമിതിയില്‍ ചേരില്ലെന്ന് അധിര്‍ രഞ്ജൻ ചൗധരി
രാജ്യത്ത് തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നത് പഠിക്കാൻ നിയോഗിച്ച സമതിയുടെ ഭാഗമാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ആധിര്‍ രഞ്ജൻ ചൗധരി. കേന്ദ്ര നിയമന്ത്രാലയം എട്ടംഗ സമിതിയെയാണ് ആശയം പഠിക്കുന്നതിനായി നിയോഗിച്ചത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് രാത്രി വൈകി അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാധ്യമങ്ങള്‍ വഴിയാണ് വിവരമറിഞ്ഞതെന്നും രാജ്യസഭ പ്രതിപക്ഷ നേതാവിനെ സമിതിയില്‍ നിന്ന് ഒഴിവാക്കിയത് പാര്‍ലമെന്ററി ജനാധിപത്യത്തോടുള്ള ബോധപൂര്‍വമായ അവഹേളനമാണെന്നും അധിര്‍ രഞ്ജൻ കുറ്റപ്പെടുത്തി. കണ്ണില്‍പ്പൊടിയിടലാണ് ഈ നീക്കങ്ങളെല്ലാമെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
ഒരു വോട്ടര്‍പട്ടികയും ഒരു തിരിച്ചറിയല്‍ കാര്‍ഡുമുപയോഗിച്ച് ഒരേസമയം ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും അതിനൊപ്പം തന്നെ മുനിസിപ്പാലിറ്റികളിലേക്കും പഞ്ചായത്തുകളിലേക്കും തെരഞ്ഞെടുപ്പ് നടത്തുന്നത് പഠിക്കാനും അതിനാവശ്യമായ ഭരണഘടന-നിയമഭേദഗതികള്‍ ശിപാര്‍ശ ചെയ്യാനുമാണ് സമിതിക്കുള്ള നിര്‍ദേശം. പാര്‍ലമെന്റ് പാസാക്കുന്ന ഈ ഭരണഘടനാഭേദഗതികള്‍ക്ക് സംസ്ഥാന നിയമസഭകളുടെ അംഗീകാരം ആവശ്യമാണോ എന്ന് സമിതി പറയും. ഒരുമിച്ചുള്ള തെരഞ്ഞെടുപ്പ് നടപ്പാക്കിയാല്‍ തൂക്കുസഭ, അവിശ്വാസപ്രമേയം, കൂറുമാറ്റം തുടങ്ങിയ സാഹചര്യങ്ങളില്‍ സാധ്യമായ പരിഹാരവും സമിതി ശിപാര്‍ശ ചെയ്യും.
ഉന്നതാധികാര സമിതി അതിന്റെ ശിപാര്‍ശകള്‍ എത്രയും പെട്ടെന്ന് സമര്‍പ്പിക്കണമെന്ന് വിജ്ഞാപനത്തിലുണ്ട്. സമിതി ആസ്ഥാനം ന്യൂഡല്‍ഹിയാണ്. ഓഫിസ് സ്ഥലവും മറ്റും നിയമ നീതിന്യായ മന്ത്രാലയം ഒരുക്കും.