അറസ്റ്റിലായ ശേഷം പാർഥ ചാറ്റർജി മമതയെ ഫോണിൽ വിളിച്ചുവെന്ന് ഇ ഡി; കള്ളമെന്ന് തൃണമൂൽ
ഇ ഡി അറസ്റ്റ് ചെയ്ത പശ്ചിമ ബംഗാൾ മന്ത്രി പാർഥ ചാറ്റർജി മൂന്നു തവണ മുഖ്യമന്ത്രി മമതാ ബാനർജിയെ ഫോണിൽ വിളിച്ചിരുന്നുവെന്ന് റിപ്പോർട്ട്. മൂന്നു തവണയും മമത ഫോൺ അറ്റൻഡ് ചെയ്തില്ലെന്നും പാർഥ ചാറ്റർജിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തിൽ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അറസ്റ്റിലായ വിവരം ബന്ധുക്കളെയോ സുഹൃത്തുക്കളെയോ അറിയിക്കാൻ ഉദ്യോഗസ്ഥർ അനുവദിച്ചപ്പോഴാണ് പാർഥ ചാറ്റർജി മമതയെ വിളിച്ചത്. പുലർച്ചെ 1.55നാണ് ചാറ്റർജി അറസ്റ്റിലായത്. 2.33 ഓടെയായിരുന്നു ആദ്യം അദ്ദേഹം മുഖ്യമന്ത്രിയെ വിളിച്ചത്. പിന്നീട് 3.37നും 9.35നും വിളിച്ചെങ്കിലും മമത ഫോൺ അറ്റൻഡ് ചെയ്തില്ല. അറസ്റ്റിലായ പ്രതികൾക്ക് വിവരം ബന്ധുക്കളെയോ സുഹൃത്തിനെയോ അറിയിക്കാൻ പൊലീസ് അവസരം നൽകാറുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചാറ്റർജിക്ക് ഫോൺ നൽകിയത് എന്നാണ് വിശദീകരണം.
എന്നാൽ ഈ പറയുന്ന കാര്യങ്ങളെല്ലാം തൃണമൂൽ കേന്ദ്രങ്ങൾ നിഷേധിക്കുകയാണ്. പാർഥ ചാറ്റർജിയുടെ ഫോൺ ഇ ഡിയുടെ കസ്റ്റഡിയിലാണെന്നിരിക്കെ മമത ബാനർജിയെ വിളിച്ചത് സംബന്ധിച്ച് കൂടുതൽ ചോദ്യങ്ങൾ ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.
മുൻ വിദ്യാഭ്യാസ മന്ത്രിയായ പാർഥ ചാറ്റർജി സ്കൂൾ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിലാണ് അറസ്റ്റിലായത്. പാർഥ ചാറ്റർജിയുടെ അടുത്ത അനുയായിയായ അർപ്പിത മുഖർജിയുടെ വീട്ടിൽനിന്ന് 20 കോടി രൂപ ഇ.ഡി റെയ്ഡിൽ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
Content Highlight: Partha Chatterjee, ED, Trinamool Congress, Mamata Banerjee