പെട്രോളിനും ഡീസലിനും വില കുറഞ്ഞു; ഇന്ന് രാവിലെ ആറു മണി മുതല്‍ പ്രാബല്യത്തില്‍
രാജ്യത്ത് പെട്രോളിനും ഡീസലിനും വിലകുറച്ച് കേന്ദ്രം. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപവീതമാണ് വില കുറച്ചിരിക്കുന്നത്.
പുതിയ നിരക്കുകള്‍ ഇന്ന് രാവിലെ ആറ് മണി മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 105 രൂപ 50 പൈസയും, ഡീസല്‍ 94 രൂപ 50 പൈസയുമാണ് പുതുക്കിയ വില. ഡല്‍ഹിയില്‍ നിലവിലെ പെട്രോള്‍ വിലയായ 96 രുപയില്‍ നിന്ന് 94 രൂപയിലേക്ക് ഒരു ലിറ്റര്‍ പെട്രോളിന്റെ വില എത്തുമെന്ന് സര്‍ക്കാര്‍ അറിയിപ്പ് വന്നിരുന്നു.
ദ്രവീകൃത പെട്രോളിയം വാതകത്തിന്റേയും (എല്‍പിജി) കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസിന്യും (സിഎൻജി) വില അടുത്തിടെ കുറച്ചതോടെ, വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ കുറവുണ്ടാകുമെന്ന ഊഹാപോഹങ്ങള്‍ നേരത്തേ തന്നെ പരന്നിരുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ പാചക വാതക വില സിലിണ്ടറിന് 100 രൂപ കുറച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു.