പ്രവാസികളെ അവഗണിക്കുന്നത് പൊറുക്കാൻ പറ്റാത്ത തെറ്റെന്ന് മുഖ്യമന്ത്രി; ലോക കേരളസഭയിൽ പ്രതിപക്ഷത്തിന് പരോക്ഷ വിമർശനം
ലോക കേരള സഭയിൽ പങ്കെടുക്കാത്തതിനെ പ്രതിപക്ഷത്തെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷം ജനാധിപത്യ ബോധത്തിൽ നിന്ന് അകന്നു പോയി എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ പരിപാടിയിൽ പങ്കെടുക്കുമെന്ന നിലപാടിലായിരുന്നു തുടക്കത്തിൽ പ്രതിപക്ഷം പിന്നീടാണ് നിലപാട് മാറിയത്. പ്രവാസികളെ ബഹിഷ്കരിക്കുന്നത് കണ്ണിൽ ചോരയില്ലാത്ത ക്രൂരതയാണ്. എം എൽ എ മാരുടെയും എം പിമാരുടെയും പരിപാടിയിൽ പങ്കെടുത്ത പ്രതിപക്ഷം ഈ പരിപാടിയിൽ നിന്ന് വിട്ടുനിന്നത് കേരളത്തിലെ പ്രവാസി സമൂഹം അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോകത്തിന്റെ ഏത് ഭാഗത്തുള്ള മലയാളികളെ ഒന്നിപ്പിക്കുന്നത് അവരുടെ കൂട്ടായ്മകളാണ്. ഒരുമയുടെ സന്ദേശമാണ് മൂന്നാം ലോക കേരള സഭ. ആദ്യ ദിവസം മുതൽ തന്നെ പരിപാടിയുടെ ഭാഗമാവണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും ശാരീരിക അസ്വസ്ഥതൾ കാരണം അതിൽ പങ്കെടുക്കാൻ പറ്റാതെ പോയെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷം പരിപാടിയിൽ നിന്ന് വിട്ടു നിന്നതിനെ കുറിച്ചാണ് പരോക്ഷമായി മുഖ്യമന്ത്രി പ്രധാനമായും പറഞ്ഞത്. ഞങ്ങളുടെ പ്രവർത്തകർ തെരുവിൽ വേട്ടയാടപ്പെടുമ്പോൾ ലോക കേരള സഭയുടെ പേരിൽ ആഹ്ളാദിക്കാൻ നേതാക്കൾക്ക് ആവില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം. ഈ പ്രസ്താവന വലിയ തോതിൽ പ്രവാസി സമൂഹം ചർച്ചചെയ്യുകയും ചെയ്തു. എം എ യൂസഫലി ഉൾപ്പെടെയുള്ളവർ ഈ വിഷയത്തിൽ പ്രതിപക്ഷത്തിന് മറുപടിയുമായി രംഗത്തെത്തിയിരുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നിലകൊള്ളുന്ന മലയാളി സമൂഹം ഒരുമിച്ചു നിന്നാൽ നേടിയെടുക്കാനാവാത്തത് ഒന്നുമില്ലെന്നും കേരളത്തിന്റെ വികസനത്തിൽ പ്രവാസികളുടെ പങ്കിനെ കുറിച്ച് പ്രത്യേകം പരാമർശിക്കേണ്ടതില്ലല്ലോ എന്നും മുഖ്യമന്ത്രി ചോദിച്ചു. പ്രവാസികൾ മുന്നോട്ടുവെക്കുന്ന നിർദേശങ്ങളെ ഗൌരവപൂർവമാണ് സംസ്ഥാന സർക്കാർ നോക്കി കാണുന്നത്. പ്രവാസികളെ കേരളത്തെ നെഞ്ചോട് ചേർത്തു നിർത്തുന്നതുപോലെ തിരിച്ചും കേരളം അവരെ നെഞ്ചിലേറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Content Highlights : Pinarayi Vijayan On Loka Kerala Sabha