നരേന്ദ്രമോദി ഇന്ന് കശ്മീരിലെത്തും; അനുച്ഛേദം 370 റദ്ദാക്കിയശേഷമുള്ള ആദ്യ സന്ദര്‍ശനം

പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച കശ്മീരിലെത്തും. ശ്രീനഗറില്‍ 6,400 കോടിയുടെ വികസന പദ്ധതികളുടെ പ്രഖ്യാപനം നടത്തുന്ന അദ്ദേഹം പൊതുസമ്മേളനത്തിലും പങ്കെടുക്കും.
കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന അനുച്ഛേദം 370 റദ്ദാക്കിയശേഷം മോദി ആദ്യമായി എത്തുന്നു എന്ന പ്രത്യേകതയും മോദിയുടെ ഇന്നത്തെ സന്ദർശനത്തിനുണ്ട്.
ശ്രീനഗർ സ്റ്റേഡിയത്തില്‍ നടക്കുന്ന ‘വികസിത് ഭാരത് വികസിത് ജമ്മു കശ്മീർ’ പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കും. കശ്മീരില്‍ പുതുതായി സർക്കാർ ജോലി ലഭിച്ച ആയിരം പേർക്കുള്ള നിയമന ഉത്തരവും കൈമാറും. വിവിധ കേന്ദ്ര പദ്ധതികളില്‍ ആനുകൂല്യം ലഭിച്ചവരുമായും കർഷകരുമായും സംവദിക്കുന്നുണ്ട്. രാജ്യത്തുടനീളം വിനോദസഞ്ചാര കേന്ദ്രങ്ങളും ആരാധനാലയങ്ങളും വികസിപ്പിക്കുന്നതിനുള്ള 43 പദ്ധതികളും അദ്ദേഹം പ്രഖ്യാപിക്കും.