എല്ലാ മൊബൈലിലും പ്രീ ഇൻസ്റ്റാൾ ചെയ്യുന്ന സഞ്ചാർ സാഥി ആപ്പിനെതിരെ പ്രതിഷേധം: ആപ്പ് വേണ്ടാത്തവർക്ക് ഡിലിറ്റ് ചെയ്യാമെന്ന് കേന്ദ്രമന്ത്രി
രാജ്യത്തെ പൗരന്മാരുടെ സൈബര്‍ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ പുതിയ സ്മാര്‍ട്ട്ഫോണുകളിലും ‘സഞ്ചാർ സാഥി’ ആപ്പ് പ്രീ ഇൻസ്റ്റാൾ ചെയ്യാനുള്ള കേന്ദ്രസർക്കാർ നീക്കം വലിയ രീതിയിലുള്ള ചർച്ചകൾക്കു വഴി വെക്കുകയാണ്. ഉപയോക്താക്കൾക്ക് ഡിലീറ്റ് ചെയ്യാൻ സാധിക്കാത്ത വിധം ഈ സുരക്ഷാ ആപ്പ് പ്രീ-ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് സ്മാര്‍ട്ട്ഫോണ്‍ നിർമാതാക്കളോട് ടെലികോം മന്ത്രാലയം ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
90 ദിവസത്തിനുള്ളിൽ എല്ലാ കമ്പനികളും ഇനി നിർമിക്കാനിരിക്കുന്ന ഫോണുകളിലും ഇതിനകം വിപണിയിലെത്തിച്ച ഫോണുകളിലും ഈ ആപ് നിർബന്ധമാക്കാനാണ് നിർദേശം. സ്വകാര്യതയ്ക്കു വളരെയേറെ പ്രാധാന്യം കൊടുക്കുന്ന ആപ്പിള്‍ പോലുള്ള ഫോൺ നിര്‍മാതാക്കള്‍ ഇതിനോട് എങ്ങനെ പ്രതികരിക്കും എന്നതും അറിയില്ല. കേന്ദ്ര സർക്കാരിന്റെ ഈ നീക്കത്തിനെതിരെ കടുത്ത പ്രതിഷേധമാണ് പ്രതിപക്ഷം ഉയർത്തുന്നത്.
സൈബർ തട്ടിപ്പുകൾ തടയുന്നതിനും ടെലികോം സുരക്ഷ ശക്തിപ്പെടുത്തുന്നതിനും വേണ്ടി രൂപകൽപന ചെയ്ത കേന്ദ്രീകൃത സംരംഭമാണ് സഞ്ചാർ സാഥി. തട്ടിപ്പ് കോളുകൾ റിപ്പോർട്ട് ചെയ്യാനും നഷ്ടപ്പെട്ട ഫോണുകൾ ബ്ലോക്ക് ചെയ്യാനുമടക്കമുള്ള സേവനങ്ങൾ സഞ്ചാർ സാഥിയിൽ ലഭ്യമാണ്. ഒരു ഫോൺ വാങ്ങുന്നതിനുമുമ്പ് അതിന്റെ ഐ എം ഇ ഐ, ബ്ളാക്ക് ലിസ്റ്റിൽ ഉള്ളതാണോയെന്ന് പരിശോധിക്കാൻ സഞ്ചാർ സാഥി സഹായിക്കും. ടെലികോം സൈബർ സെക്യൂരിറ്റി നിയമങ്ങളുടെ പിന്തുണയോടെയാണ് ഈ സംരംഭം.
ഐഎംഇഐ നമ്പർ ഉപയോഗിച്ച് മൊബൈൽ ഹാൻഡ്സെറ്റ് ഒറിജിനൽ ആണോയെന്ന് പരിശോധിക്കാം. നമുക്ക് സംശയമുള്ള തട്ടിപ്പ് കോളുകളോ സന്ദേശങ്ങളോ റിപ്പോർട്ട് ചെയ്യാം. ∙നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ ഫോണുകൾ റിപ്പോർട്ട് ചെയ്യാം. ∙തങ്ങളുടെ പേരിൽ നൽകിയിട്ടുള്ള എല്ലാ മൊബൈൽ കണക്ഷനുകളും ഇതിലൂടെ കാണാം. ∙ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും വിശ്വസനീയമായ കോൺടാക്റ്റ് വിവരങ്ങൾ ആക്സസ് ചെയ്യാം. ഇന്ത്യൻ നമ്പറുകളുടെ മറവിൽ വിദേശകോളുകൾ വരുന്നത് റിപ്പോർട്ട് ചെയ്യാം. ഇതൊക്കെയാണ് സഞ്ചാർ സാത്തിയുടെ ഗുണങ്ങൾ.
എന്നാൽ കേന്ദ്രസർക്കാരിന്റെ സഞ്ചാർ സാഥി ആപ്പ് നിർബന്ധമാക്കുന്നതിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നു. കേന്ദ്ര സർക്കാർ തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. ജനങ്ങളുടെ സുരക്ഷ എന്നും ഫോണിന്റെ ഗുണമേന്മക്കെന്നും ഒക്കെയാണ് ആപ്പിനെക്കുറിച്ച് പുറമെ പറയുന്നത്.എന്നാല്‍ ബിഗ് ബ്രദർക്ക് എല്ലാം നിരീക്ഷിക്കാനുള്ള ഒരു നീക്കമാണിത്. വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
രാജ്യത്ത് നിരീക്ഷണത്തിന്റെ കരിമ്പടം തീർക്കാനുള്ള മാർഗമാണിതെന്ന് ജോൺ ബ്രിട്ടാസ് എംപിയും പ്രതികരിച്ചു. മൗലികാവകാശങ്ങളിലേക്കുള്ള കേന്ദ്രത്തിന്റെ കടന്നുകയറ്റമാണിതെന്നും വിഷയം പാർലമെന്റിൽ ഉയർത്തുമെന്നും ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. പൗരന്മാരുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്ന സർക്കാർ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. ആപ്പിലൂടെ എന്ത് ശാക്തീകരണം ആണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാലിപ്പോൾ സ്മാർട്ഫോണുകളിൽ ടെലികോം വകുപ്പിന്റെ ‘സഞ്ചാർ സാഥി’ മൊബൈൽ ആപ് നിർബന്ധമല്ലെന്ന് പറയുകയാണ് മന്ത്രി ജ്യോതിരാദിദ്യ സിന്ധ്യ. ഫോണിൽ ഈ ആപ്പ് ഉപയോഗിക്കാൻ താൽപര്യമുള്ളവർക്ക് ഉപയോഗിക്കാമെന്നും അല്ലാത്തവർക്ക് ഡിലീറ്റ് ചെയ്യാമെന്നും മന്ത്രി പറഞ്ഞു. ‘‘സുരക്ഷയ്ക്കായാണ് ആപ്പ് കൊണ്ടുവരുന്നത്, ഉപയോഗിക്കണമെന്ന് നിർബന്ധമില്ല’’എന്നും മന്ത്രി പറഞ്ഞു.
1.2 ബില്യണിലധികം വരിക്കാരുള്ള ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ വിപണികളിലൊന്നായ ഇന്ത്യയിൽ സൈബർ തട്ടിപ്പ്, ഫോൺ മോഷണം, വ്യാജ ഐ എം ഇ ഐ നമ്പരുകളുടെ ദുരുപയോഗം എന്നിവയ്ക്കെതിരെ കർശന നിയന്ത്രണം വേണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ് സർക്കാർ സഞ്ചാർ സാഥി ആപ്പ് കൊണ്ട് വരുന്നത്.













