പഞ്ചാബിൽ കോൺഗ്രസ് നേതാവിനെ വെടിവെച്ചുകൊന്നു; കൊലപാതകം സർക്കാർ സുരക്ഷ പിൻവലിച്ചതിന് പിന്നാലെ
പഞ്ചാബിൽ കോൺഗ്രസ് നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി. ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ധു മൂസെവാല(Sidhu Moose Wala)യാണ് വെടിയേറ്റ് മരിച്ചത്. ആം ആദ്മി പാർട്ടി നയിക്കുന്ന സംസ്ഥാന സർക്കാർ സിദ്ധുവിൻ്റെ സുരക്ഷ പിൻവലിച്ചതിന് പിന്നാലെയാണ് കൊലപാതകം.
പഞ്ചാബിലെ മാന്‍സയില്‍ വെച്ചാണ് സിദ്ധു മൂസെവാലയ്ക്ക് വെടിയേറ്റത്. സിദ്ധു സുഹൃത്തുക്കളോടൊപ്പം തൻ്റെ മഹീന്ദ്ര ഥാർ ജീപ്പിൽ സഞ്ചരിക്കുമ്പോള്‍ അജ്ഞാതസംഘം വെടിയുതിര്‍ക്കുകയായിരുന്നു. തൻ്റെ ഗ്രാമമായ മൂസയിൽ നിന്നും പോകുന്ന വഴിയിലായിരുന്നു ആക്രമണം. വെടിവെപ്പില്‍ സിദ്ധു ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അക്രമികൾ ജീപ്പിന് നേർക്ക് മുപ്പതോളം തവണ നിറയൊഴിച്ചു.
അടുത്തിടെ സിദ്ധു മൂസെവാല ഉള്‍പ്പെടെ 424 പേരുടെ സുരക്ഷ പഞ്ചാബ് പൊലീസ് പിന്‍വലിച്ചിരുന്നു. തൻ്റെ സുരക്ഷ പുനഃസ്ഥാപിക്കുന്ന കാര്യം ചർച്ച ചെയ്യുന്നതിനായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനെ സന്ദർശിക്കാൻ സിദ്ധുവിന് പദ്ധതിയുണ്ടായിരുന്നു
കഴിഞ്ഞവർഷമാണ് ഗായകനായ സിദ്ധു മൂസെവാല കോൺഗ്രസിൽ ചേരുന്നത്. ഇക്കഴിഞ്ഞ പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ മാന്‍സ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച സിദ്ദു മൂസെവാല എഎപിയുടെ വിജയ് സിംഗ്ലയോട് 63,000 വോട്ടുകള്‍ക്ക് തോറ്റിരുന്നു.
തന്റെ പാട്ടുകളിലൂടെയും വീഡിയോകളിലൂടെയും എപ്പോഴും വിവാദനായകനായിരുന്നയാളാണ് സിദ്ധു. ഒരു വീഡിയോയിൽ സിദ്ധു അഞ്ചു പൊലീസുകാരോടൊപ്പം എകെ 47 റൈഫിളും പിസ്റ്റളും ഉപയോഗിക്കാൻ പരിശീലിക്കുന്ന ദൃശ്യങ്ങൾ വിവാദമാകുകയും ഇയാൾക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഖാലിസ്താൻ വിഘടനവാദത്തെയും തീവ്രവാദിയായ ജർണയിൽ സിങ് ഭിന്ദ്രൻ വാലയെയും മഹത്വവൽക്കരിക്കുന്ന “പഞ്ചാബ്; മൈ മതർലാൻഡ്” എന്ന ഗാനവും വിവാദമായിരുന്നു.
Content Highlights: Punjab Congress leader Shot Dead, Sidhu Moose Wala shot dead