കുത്തബ് മിനാറിൽ ഉൽഖനനത്തിനുത്തരവിട്ടെന്ന വാർത്തകൾ നിഷേധിച്ച് കേന്ദ്ര സാംസ്കാരിക മന്ത്രാലയം
കുത്തബ് മിനാറി(Qutub Minar)ൽ ഉൽഖനനം നടത്താൻ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ (Archaeological Survey of India – ASI)യോട് ഉത്തരവിട്ടെന്ന വാർത്തകൾ നിഷേധിച്ച് കേന്ദ്ര സാംസ്കാരിക മന്ത്രാലയം. അത്തരത്തിലുള്ള ഒരു നിർദ്ദേശവും പുറപ്പെടുവിച്ചിട്ടില്ലെന്ന് മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
സാംസ്കാരിക വകുപ്പ് സെക്രട്ടറി ഗോവിന്ദ് മോഹൻ ശനിയാഴ്ച കുത്തബ് മിനാർ സന്ദർശിക്കുകയും അവിടെ രണ്ടുമണിക്കൂറോളം ചെലവഴിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തോടൊപ്പം മുതിർന്ന ഉദ്യോഗസ്ഥരുടെയും ചരിത്രകാരന്മാരുടെയും ഒരു സംഘം തന്നെ ഉണ്ടായിരുന്നു. കുത്തബ് മിനാർ സംരക്ഷിക്കുന്നതിനെക്കുറിച്ചുള്ള വിവിധ കാര്യങ്ങൾ ഇവർ ചർച്ച ചെയ്തതായാണ് റിപ്പോർട്ടുകൾ.
ഗോവിന്ദ് മോഹൻ്റെ കുത്തബ് മിനാർ സന്ദർശനത്തെത്തുടർന്ന് നിരവധി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ചരിത്ര സ്മാരകം നിർമ്മിച്ചത് കുത്തബ്ദീൻ ഐബക് ആണോ അതോ ചന്ദ്രഗുപ്ത വിക്രമാദിത്യനാണോ എന്ന് കണ്ടെത്തുന്നതിനായി ഉൽഖനനം നടത്താൻ സന്ദർശനത്തിന് ശേഷം ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയോട് ഉത്തരവിട്ടെന്നായിരുന്നു റിപ്പോർട്ടുകൾ.
എന്നാൽ സാംസ്കാരിക വകുപ്പ് സെക്രട്ടറിയുടേത് ഒരു സാധാരണ സന്ദർശനം മാത്രമായിരുന്നെന്ന് മന്ത്രാലയം വിശദീകരിച്ചു. അത്തരം തീരുമാനങ്ങളൊന്നും മന്ത്രാലയം എടുത്തിട്ടില്ലെന്നും അവർ അറിയിക്കുന്നു.
കുത്തബ് മിനാർ ചന്ദ്രഗുപ്ത വിക്രമാദിത്യൻ നിർമിച്ചതാണെന്നും അത് “വിഷ്ണുസ്തംഭ“മാണെന്നും ചില ഹിന്ദുത്വ സംഘടനകൾ അവകാശപ്പെട്ടിരുന്നു.