കുത്തബ്ബ് മിനാർ വിഷ്ണു സ്തംഭമാക്കണം; ഹിന്ദുത്വ സംഘടനകൾ സംഘടിച്ചെത്തി പ്രക്ഷോഭം
ഡൽഹിയിലെ ചരിത്രസ്മാരകമായ കുത്തബ്ബ് മിനാറിൻ്റെ പേരുമാറ്റണമെന്ന ആവശ്യവുമായി കുത്തബ്ബ് മിനാറിൻ്റെ ഗേറ്റിന് മുന്നിൽ ഹിന്ദുത്വ സംഘടനകളുടെ പ്രക്ഷോഭം. കുത്തബ് മിനാറിന്റെ പേര് ‘വിഷ്ണു സ്തംഭം’ എന്നാക്കി മാറ്റണമെന്നാണ് പ്രക്ഷോഭകർ ആവശ്യപ്പെടുന്നത്.
മഹാകാൽ മാനവ് സേവ എന്ന സംഘടനയുടെ പ്രവർത്തകരാണ് സൗത്ത് ഡൽഹിയിലെ മെഹ്രോളിയിലുള്ള കുത്തബ് മിനാറിൻ്റെ കവാടത്തിൽ സമരം നടത്തിയതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ഒരു വിഭാഗം പ്രവർത്തകർ ഹനുമാൻ ചാലിസ ചൊല്ലിക്കൊണ്ട് കാവി പതാകയും പ്ലക്കാർഡുകളുമേന്തി കുത്തബ് മിനാറിനു സമീപത്തേക്ക് എത്തിയെങ്കിലും പൊലീസ് ഇവരെ തടഞ്ഞു. മുപ്പതോളം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
യുണൈറ്റഡ് ഹിന്ദു ഫ്രണ്ട് വർക്കിങ് പ്രസിഡന്റ് ജയ് ഭഗവാൻ ഗോയൽ ആണ് കുത്തബ് മിനാറിനു പുറത്ത് ഹനുമാൻ ചാലിസ ചൊല്ലി സമരം നടത്താൻ ആഹ്വാനം ചെയ്തത്. ബിജെപി പ്രവർത്തകനും രാഷ്ട്രവാദി ശിവസേന എന്ന സംഘടനയുടെ സ്ഥാപക നേതാവുമാണിദ്ദേഹം.
ആഹ്വാനത്തെത്തുടർന്ന് ഇന്നുരാവിലെ ഏഴുമണി മുതൽ ജയ് ഭഗവാൻ ഗോയലിനെ ഡൽഹി പൊലീസ് ഷഹ്ദാരയിലുള്ള വസതിയിൽ വീട്ടുതടങ്കലിൽ ആക്കിയിരുന്നു. അതേസമയം, പങ്കെടുക്കാൻ മറ്റു ഹിന്ദു സംഘടനകളോടും ഇദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. തുടർന്ന് ഇന്നു രാവിലെ മുതൽ കുത്തബ് മിനാർ പരിസരത്ത് പൊലീസ് വൻ സുരക്ഷയാണ് ഒരുക്കിയിരുന്നത്.
ചരിത്രപ്രസിദ്ധമായ കുത്തബ് മിനാർ യഥാർഥത്തിൽ വിഷ്ണു സ്തംഭമാണെന്ന് ജയ് ഭഗവാൻ ഗോയൽ അവകാശപ്പെട്ടു. ചന്ദ്രഗുപ്ത വിക്രമാദിത്യ രാജാവാണ് ഇതു പണികഴിപ്പിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുത്തബ് മിനാർ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് 27 ക്ഷേത്രങ്ങളുണ്ടായിരുന്നെന്നും ഇതെല്ലാം നശിപ്പിച്ച കുത്തബ്ദീൻ ഐബക് മിനാരം നിർമ്മിച്ചതിൻ്റെ ക്രെഡിറ്റ് സ്വന്തമാക്കുകയായിരുന്നുവെന്നും ജൈയ് ഭഗവാൻ ഗോയൽ കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷായ്ക്ക് സമർപ്പിച്ച നിവേദനത്തിൽപ്പറയുന്നു.
‘‘കുത്തബ് മിനാറിന്റെ ചുറ്റുവട്ടത്ത് ഇപ്പോഴും ഹിന്ദു ദൈവങ്ങളുടെ പ്രതിഷ്ഠകളുള്ളത് ഇതിനു തെളിവാണ്. അതുകൊണ്ടുതന്നെ കുത്തബ് മിനാറിന്റെ പേര് വിഷ്ണു സ്തംഭം എന്നാക്കി മാറ്റണമെന്നാണ് ഞങ്ങളുടെ ആവശ്യം’’ – ഭഗ്വാൻ ഗോയൽ നിവേദനത്തിൽ പറയുന്നു.
നിശ്ചയദാർഢ്യമുള്ള ഏതൊരു ഹിന്ദുവിനും ആ മതിൽക്കെട്ടിനുള്ളിൽ ഗണേശ വിഗ്രഹങ്ങൾ കണ്ടെത്താനാകുമെന്നും ഗോയൽ അവകാശപ്പെടുന്നു. ഹിന്ദുവികാരം വ്രണപ്പെടുത്താൻ ഗണപതിയുടെ വിഗ്രഹങ്ങൾ ഒരു കൂട്ടിനുള്ളിൽ തലകീഴായി സൂക്ഷിച്ചിരിക്കുകയാണെന്നും ഗോയൽ ആരോപിക്കുന്നു.
ഇത്തരത്തിൽ നശിപ്പിക്കപ്പെട്ടെന്ന് താൻ ആരോപിക്കുന്ന 27 ക്ഷേത്രങ്ങൾ പുനർനിർമ്മിക്കണമെന്നും മിനാറിൻ്റെ പരിസരങ്ങളിലുള്ള ഗണപതി വിഗ്രഹങ്ങൾ (sic) ഒരു മ്യൂസിയത്തിലേയ്ക്കോ മറ്റോ മാറ്റണമെന്നുമാണ് ഗോയലിൻ്റെ നിവേദനത്തിലെ പ്രധാന ആവശ്യം. പ്രദേശത്ത് ഒരു വിഷ്ണൂ ക്ഷേത്രമാണുണ്ടായിരുന്നതെന്നും അതിനാൽ കുത്തബ്ബ് മിനാറിനെ വിഷ്ണു സ്തംഭമെന്ന് പുനർനാമകരണം ചെയ്യണമെന്നും ഗോയൽ ആവശ്യപ്പെടുന്നു.
ജയ് ശ്രീറാം എന്ന് ഉച്ചത്തിൽ വിളിച്ചും ഹനുമാൻ ചാലിസ ചൊല്ലിയുമാണ് പ്രതിഷേധക്കാർ കുത്തബ് മിനാറിനു പുറത്ത് സംഘടിച്ചത്. ‘കുത്തബ് മിനാറിന്റെ പേര് വിഷ്ണു സ്തംഭം’ എന്നാക്കണമെന്ന് കുറിച്ച പ്ലക്കാർഡുകളും ഇവരുടെ കൈവശമുണ്ടായിരുന്നു. പ്രക്ഷോഭകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
‘‘നടുറോഡിലിരുന്ന് പ്രതിഷേധിച്ചാൽ അത് കനത്ത ഗതാഗതക്കുരുക്കിനു കാരണമാകും. ഇത് യാത്രക്കാർക്കും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും. അതുകൊണ്ടാണ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയത്. ഇവരെ പിന്നീട് വിട്ടയയ്ക്കും’ – പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
കുത്തബ് മിനാർ വളപ്പിൽ ഹിന്ദു – ജൈന പ്രതിഷ്ഠകൾ പുനഃസ്ഥാപിക്കണമെന്നും ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജി നേരത്തേ കോടതി തള്ളിയിരുന്നു. ഒരിക്കൽ സംരക്ഷിത സ്മാരകമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച കേന്ദ്രങ്ങൾ മറ്റ് ആവശ്യങ്ങൾക്ക് വിട്ടുകൊടുക്കുന്നതു ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു.
Content Highlight: Rename Qutub Minar as Vishnu Stambh: Hindutva groups stage protest