മുഹമ്മദ് ഷമിക്ക് ആശ്വാസം; ഗാര്‍ഹിക പീഡന കേസില്‍ ജാമ്യം
ഭാര്യ ഹസിൻ ജഹാൻ നല്കിയ ഗാര്‍ഹിക പീഡന പരാതിയില്‍ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് ജാമ്യം. മുഹമ്മദ് ഷമിയും സഹോദരൻ മുഹമ്മദ് ഹസീബും കൊല്‍ക്കത്ത കോടതിയില്‍ നേരിട്ട് ഹാജരായാണ് ജാമ്യമെടുത്തത്.
2011ലാണ് മോഡലായ ഹസീൻ ജഹാനും ഷമിയും ആദ്യമായി കണ്ടുമുട്ടുന്നത്. ഈ സമയത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ചിയര്‍ഗേളായിരുന്നു ഹസീൻ. പിന്നീട് ഇരുവരും പ്രണയത്തിലാകുകയും 2014ല്‍ വിവാഹിതരാകുകയും ചെയ്തു. എന്നാല്‍, 2018ല്‍ ഷമിക്കെതിരെ ഗാര്‍ഹിക പീഡനം ഉള്‍പ്പെടെയുള്ള പരാതികളുമായി ഹസീൻ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
2018 മാര്‍ച്ച് എട്ടിനാണ് ജാദവ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ ഹസീൻ ജഹാൻ പരാതി നല്‍കിയത്. തുടര്‍ന്ന് സ്ത്രീധന പീഡനം, സ്ത്രീകൾക്കെതിരായ അതിക്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി താരത്തിനെതിരെ കേസെടുത്തു. സൗത്ത് 24 പര്‍ഗാനാസിലെ ആലിപോര്‍ അഡിഷനല്‍ ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് ഷമിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തു. പിന്നീട് സെഷൻസ് കോടതിയെ സമീപിച്ച് താരം വാറന്റിന് സ്റ്റേ വാങ്ങുകയായിരുന്നു.
ഹസിൻ ജഹാന് മാസം 50,000 രൂപ ഷമി നല്‍കണമെന്ന് ഈ വര്‍ഷം ആദ്യം അലിപ്പോര്‍ കോടതി വിധിച്ചിരുന്നു. ഷമിയുടെ അറസ്റ്റിനുള്ള സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ട് മേയില്‍ ഹസിൻ ജഹാൻ സുപ്രീംകോടതിയെ സമീപിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പം വിദേശ പര്യടനത്തിനായി പോകുമ്പോള്‍ ഷമി മറ്റു സ്ത്രീകളുമായി ബന്ധപ്പെടാറുണ്ടെന്നും ഹസിൻ ജഹാൻ പരാതി ഉയര്‍ത്തി.